ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ സെന്റർ ഉപകരണങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച് അസംബിൾ ചെയ്യുന്നതിനായി പ്രമുഖ യുഎസ് മൾട്ടിനാഷണൽ നിർമ്മാണ കമ്പനിയായ ‘ജാബിൽ’ (Jabil Inc) ഗ്രൂപ്പുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് അദാനി എന്റർപ്രൈസസ്. 50:50 പങ്കാളിത്തത്തിൽ സംയുക്ത സംരംഭം ആരംഭിക്കുന്നതിനാണ് ഇരു കമ്പനികളും തമ്മിൽ ധാരണയായത്.

ഇതിലൂടെ ആഭ്യന്തര, അന്താരാഷ്ട്ര വിപണികൾക്കായി എഐ റാക്കുകൾ, സെർവറുകൾ, സ്റ്റോറേജ്, നെറ്റ്വർക്കിങ് ഉപകരണങ്ങൾ, ലിക്വിഡ് കൂളിംഗ് സിസ്റ്റങ്ങൾ, ട്രാൻസ്ഫോർമറുകൾ എന്നിവ ഇന്ത്യയിൽ നിർമ്മിക്കും. ആഗോളതലത്തിൽ അതിവേഗം വളരുന്ന എഐ ഹാർഡ്വെയർ രംഗത്ത് നിർണായക സ്വാധീനം ഉറപ്പിക്കാൻ ഈ സഹകരണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എനർജി, ഹൈപ്പർസ്കെയിൽ ഇൻഫ്രാസ്ട്രക്ചർ, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള പുതിയ വ്യാവസായിക രീതിയാണ് ഇനി വരാനിരിക്കുന്ന എഐ വിപ്ലവത്തിന് ആവശ്യമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വ്യക്തമാക്കി. ഇന്ത്യയിലും ആഗോളതലത്തിലും അതിവേഗം വർധിച്ചുവരുന്ന എഐ ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾ നിറവേറ്റാൻ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് ജാബിൽ സിഇഒ മൈക്ക് ദാസ്തൂറും പറഞ്ഞു.
നിലവിൽ 2035-ഓടെ ഹരിതോർജ്ജത്തിൽ പ്രവർത്തിക്കുന്ന 5 ഗിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുന്നതിനായി 100 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
Adani Enterprises partners with US-based Jabil Inc in a 50:50 joint venture to manufacture AI servers, data centre hardware, and liquid cooling systems in India.
