എട്ട് എയർബസ് വിമാനങ്ങൾ വാങ്ങുന്നതിനായി സിറ്റി ബാങ്കുമായി 328 മില്യൺ ഡോളറിന്റെ ധനസഹായ കരാറിൽ ഒപ്പുവെച്ച് ഇൻഡിഗോ. എയർബസ് നിർമിക്കുന്ന ആറ് A321 വിമാനങ്ങളും രണ്ട് A320 വിമാനങ്ങളുമാണ് കരാറിലൂടെ സ്വന്തമാക്കുക. ബെൽജിയൻ എക്സ്പോർട്ട് ക്രെഡിറ്റ് ഏജൻസിയായ ക്രെഡെൻഡോയുടെ (Credendo) ഇൻഷുറൻസ് പരിരക്ഷയോടെ നടപ്പാക്കുന്ന ലോകത്തിലെ ആദ്യ വ്യോമയാന ധനസഹായ ഇടപാടാണിത്.

ഗിഫ്റ്റ് ഐഎഫ്എസ്സി (GIFT IFSC) മുഖേന ക്രെഡിറ്റ് ഇൻഷുറൻസ് പിന്തുണയോടെ നടപ്പാക്കുന്ന ആദ്യ വിമാന ധനസഹായ കരാർ കൂടിയാണിത്. ഇടപാടിൽ ഏക ധനസഹായ ദാതാവായും പ്രധാന ഏകോപന ചുമതലക്കാരനായും സിറ്റി ബാങ്ക് പ്രവർത്തിക്കുന്നു. ഇൻഡിഗോയുടെ അനുബന്ധ സ്ഥാപനമായ ഇന്റർഗ്ലോബ് ഏവിയേഷൻ ഫിനാൻഷ്യൽ സർവീസസ് ഐഎഫ്എസ്സി വഴിയാണ് കരാർ നടപ്പാക്കുന്നത്. വിമാനവ്യൂഹം വികസിപ്പിക്കാനും ശൃംഖല വിപുലീകരിക്കാനുമുള്ള ദീർഘകാല ധനസഹായ സ്രോതസ്സാണ് ഈ കരാറിലൂടെ ഇൻഡിഗോയ്ക്ക് ലഭിക്കുക.
അന്താരാഷ്ട്ര ബാങ്കുകളെയും എക്സ്പോർട്ട് ക്രെഡിറ്റ് ഏജൻസികളെയും ഒരുമിപ്പിച്ച് ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് നൂതന ധനസഹായ മാർഗങ്ങൾ തുറക്കുന്നതിൽ ഗിഫ്റ്റ് ഐഎഫ്എസ്സിയുടെ സാധ്യതകൾ ഈ ഇടപാട് വ്യക്തമാക്കുന്നതായി ഇൻഡിഗോ അറിയിച്ചു. 2023ൽ എയർബസിന്റെ A320 വിഭാഗത്തിലെ 500 നാരോബോഡി വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ ഓർഡർ നൽകിയിരുന്നു. എയർബസ് A350 വൈഡ്ബോഡി വിമാനങ്ങളും വിമാനവ്യൂഹത്തിൽ ഉൾപ്പെടുത്താൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.
IndiGo secures a $328 million financing deal with Citi and Credendo via GIFT IFSC to acquire 8 new Airbus A320 and A321 aircraft.
