2029-ഓടെ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം 3 ലക്ഷം കോടി രൂപയായും കയറ്റുമതി 50,000 കോടി രൂപയായും ഉയർത്താൻ ലക്ഷ്യമിടുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. രാജസ്ഥാനിലെ ജെയ്സാൽമറിൽ നടന്ന ‘ഇന്ത്യൻ പ്രതിരോധ സേനകളുടെ ആധുനികവൽക്കരണം’ എന്ന വിഷയത്തിലുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025-26 സാമ്പത്തിക വർഷത്തിൽ കൈവരിച്ച 1.78 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനത്തിൽ നിന്ന് 69 ശതമാനവും, 40,000 കോടി രൂപയുടെ നിലവിലെ കയറ്റുമതിയിൽ നിന്ന് 25 ശതമാനവും വർധനവാണ് പുതിയ ലക്ഷ്യം കൈവരിക്കാൻ രാജ്യത്തിന് ആവശ്യമായുള്ളത്.

പ്രതിരോധ മേഖലയിലെ ആത്മനിർഭരത വളരുന്നതിന്റെ തെളിവാണ് ഉൽപ്പാദനത്തിലും കയറ്റുമതിയിലുമുണ്ടായ ഈ വൻ കുതിച്ചുചാട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-15 സാമ്പത്തിക വർഷത്തിൽ 46,429 കോടി രൂപയായിരുന്ന പ്രതിരോധ ഉൽപ്പാദനം നാലുമടങ്ങോളമാണ് ഉയർന്നത്. അതേസമയം 2014-ൽ 2,000 കോടി രൂപയിൽ താഴെയായിരുന്ന കയറ്റുമതി ഇരുപത് മടങ്ങോളം വർധിച്ചു. 2026-27 സാമ്പത്തിക വർഷത്തിലേക്ക് എക്കാലത്തെയും ഉയർന്ന തുകയായ 7.85 ലക്ഷം കോടി രൂപയാണ് പ്രതിരോധ ബജറ്റായി വകയിരുത്തിയിട്ടുള്ളതെന്നും, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ, ബഹിരാകാശ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് സൈന്യത്തെ സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Defence Minister Rajnath Singh announces India’s target to achieve ₹3 lakh crore in defence production and ₹50,000 crore in exports by 2029.

