കൊച്ചിൻ ഷിപ്യാർഡിന്റെ ഉപകമ്പനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് (UCSL) മാൽപെയിലെ യാർഡിൽ നിർമിച്ച ഏറ്റവും വലിയ ചരക്കുകപ്പലായ ‘വിൽസൺ എനർജി 1’ വിജയകരമായി നീറ്റിലിറക്കി. നോർവീജിയൻ കമ്പനിയായ വിൽസൺ എ.എസ്.എയ്ക്ക് (Wilson ASA) വേണ്ടി നിർമിക്കുന്ന എട്ട് ചരക്കുകപ്പലുകളിൽ ആദ്യത്തേതാണിത്. ഏകദേശം 1,041 കോടി രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 99 മീറ്റർ നീളവും 15.85 മീറ്റർ വീതിയുമുള്ള കപ്പൽ മാൽപെ യാർഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിർമാണ നാഴികക്കല്ലാണ്.

ഡീസൽ-ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റത്തിലാണ് കപ്പൽ പ്രവർത്തിക്കുന്നത്. ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനൊപ്പം ഭാവിയിൽ വിൻഡ് അസിസ്റ്റഡ് സാങ്കേതികവിദ്യയിലേക്ക് ഉയർത്താനും ഇതിൽ സൗകര്യമുണ്ട്. ആദ്യ കപ്പലിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയിലെ നോർവീജിയൻ അംബാസഡർ മെയ്-എലിൻ സ്റ്റെനറും മറ്റ് പ്രമുഖരും പങ്കെടുത്തു. ഈ പരമ്പരയിലെ രണ്ടാമത്തെ കപ്പലിന്റെ നിർമാണം പുരോഗമിക്കുമ്പോൾ മൂന്നാമത്തെ കപ്പലിന്റെ കീൽ ലെയ്യിംഗും നാലാമത്തേതിന്റെ സ്റ്റീൽ കട്ടിംഗും ചടങ്ങിൽ നടന്നു. നിർമാണം പൂർത്തിയാകുന്ന കപ്പലുകൾ 2028-ലെ മൺസൂണിന് മുൻപ് നോർവേയ്ക്ക് കൈമാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Udupi Cochin Shipyard Limited launches ‘Wilson Energy 1’, a 99-meter cargo vessel built for Norway’s Wilson ASA as part of a ₹1,041 crore project.

