ഇന്ത്യയിലെ അതിവേഗം വളരുന്ന വ്യോമയാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പുറമെ വലിയ ശേഷിയുള്ള മൂന്നാമതൊരു ദേശീയ എയർലൈൻ കൂടി രാജ്യത്തിന് ആവശ്യമാണെന്ന് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് സി.ഇ.ഒ അരുൺ ബൻസാൽ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ഏവിയേഷൻ ഇന്ത്യ 2026 കോൺഫറൻസിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. എന്നാൽ അദാനി ഗ്രൂപ്പ് സ്വന്തമായി എയർലൈൻ ബിസിനസിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം പൂർണ്ണമായും തള്ളി. തങ്ങളുടെ ഉപഭോക്താക്കളായ എയർലൈനുകളുമായി തന്നെ മത്സരത്തിനിറങ്ങുന്നത് നല്ലൊരു തന്ത്രമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എയർലൈൻ രംഗത്തേക്ക് കടക്കുന്നതിന് പകരം എയർപോർട്ട് വികസന പ്രവർത്തനങ്ങളിലാണ് അദാനി എയർപോർട്ട്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ കമ്പനിയുടെ കീഴിലുള്ള എട്ട് വിമാനത്താവളങ്ങൾ വഴി പ്രതിവർഷം 10 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്നുണ്ട്. അടുത്ത 10 വർഷത്തിനുള്ളിൽ ഇത് 30 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം. മുബൈ, നവി മുംബൈ വിമാനത്താവളങ്ങളുടെ പ്രവർത്തനവും വികസനവും വേഗത്തിലാക്കുന്നതിനൊപ്പം രാജ്യത്ത് പുതുതായി സ്വകാര്യവൽക്കരിക്കുന്ന വിമാനത്താവളങ്ങൾ ഏറ്റെടുക്കാനുള്ള ലേലങ്ങളിൽ പങ്കാളികളാകുമെന്നും കമ്പനി അറിയിച്ചു
Adani Airports CEO Arun Bansal says India needs a third large national carrier alongside IndiGo and Air India, while ruling out Adani Group entering the airline business
