ആഗോള വിനോദ വ്യവസായ ഭീമനായ വാൾട്ട് ഡിസ്നിയിൽ വീണ്ടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യത. പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നത് കമ്പനി പരിഗണിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. വാർഷിക ചെലവിൽ 20 ശതമാനം വരെ ലാഭിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ ചില മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം മറ്റ് പ്രവർത്തനച്ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക ലാഭം കണ്ടെത്താനാണ് നീക്കം. എന്നാൽ എത്ര ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പിരിച്ചുവിടൽ സംബന്ധിച്ച അന്തിമ തീരുമാനവും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഡിസ്നിയുടെ ടെലിവിഷൻ ചാനലുകൾ, സിനിമാ സ്റ്റുഡിയോകൾ, തീം പാർക്കുകൾ തുടങ്ങിയ ബിസിനസ് വിഭാഗങ്ങളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.എല്ലാ വിഭാഗങ്ങളെയും ഒരേ രീതിയിൽ ബാധിക്കണമെന്നില്ല. ചില ബിസിനസ് യൂണിറ്റുകളിൽ കൂടുതൽ ചെലവ് ചുരുക്കൽ നടപടികൾ ഉണ്ടായേക്കും.കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ലാഭക്ഷമത വർധിപ്പിക്കുന്നതിനുമുള്ള പുനഃസംഘടനയുടെ ഭാഗമായാണ് നീക്കം.
ഡിസ്നി സിഇഒ ജോഷ് ഡി അമാരോയുടെ നേതൃത്വത്തിലാണ് ചെലവ് ചുരുക്കാനുള്ള നടപടികൾ പരിഗണിക്കുന്നത്. ചെലവ് കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം പുതിയ സിനിമകളുടെയും ടെലിവിഷൻ പരിപാടികളുടെയും നിർമാണം, സാങ്കേതികവിദ്യ, തീം പാർക്കുകൾ, ക്രൂയിസ് കപ്പൽ ബിസിനസ് എന്നിവയിൽ വീണ്ടും നിക്ഷേപിക്കാനാണ് പദ്ധതി.നടപ്പ് സാമ്പത്തിക വർഷത്തിൽ ക്രമീകരിച്ച പ്രതിയോഹരി ലാഭത്തിൽ ഇരട്ടയക്ക വളർച്ച കൈവരിക്കുമെന്ന് ഡിസ്നി നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിസ്നി വിവിധ ബിസിനസ് വിഭാഗങ്ങളിൽ ചെലവ് ചുരുക്കൽ നടപടികൾ നടപ്പാക്കിവരികയാണ്.ABC, Pixar, ESPN, സിനിമാ സ്റ്റുഡിയോകൾ, തീം പാർക്ക് ഉൾപ്പെടുന്ന എക്സ്പീരിയൻസസ് വിഭാഗം എന്നിവിടങ്ങളിൽ നേരത്തെയും തൊഴിൽ വെട്ടിക്കുറയ്ക്കൽ നടന്നിട്ടുണ്ട്.2023ൽ ഏകദേശം 7,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ കമ്പനി സ്വീകരിച്ചിരുന്നു. 5.5 ബില്യൺ ഡോളറിന്റെ ചെലവ് ലാഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഇത്.2026 ഏപ്രിലിലും ഏകദേശം 1,000 തസ്തികകൾ ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ട്. മറ്റ് വിഭാഗങ്ങളിലും ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്.2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ലോകമെമ്പാടുമായി ഏകദേശം 2.31 ലക്ഷം ജീവനക്കാരാണ് ഡിസ്നിക്കുണ്ടായിരുന്നത്.
ഡിസ്നി മാത്രമല്ല, ആഗോള വിനോദ വ്യവസായത്തിലെ മറ്റ് പ്രമുഖ കമ്പനികളും ചെലവ് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.Netflix, Sony Pictures Entertainment, Paramount, Warner Bros. തുടങ്ങിയ കമ്പനികളും വിവിധ ഘട്ടങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്.
പരമ്പരാഗത ടെലിവിഷൻ വരുമാനത്തിലെ ഇടിവ്, സ്ട്രീമിങ് സേവനങ്ങളിലെ വരിക്കാരുടെ വളർച്ച മന്ദഗതിയിലാകുന്നത്, പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായുള്ള മത്സരം എന്നിവയാണ് വിനോദ വ്യവസായം നേരിടുന്ന പ്രധാന വെല്ലുവിളികൾ.Amazon, Apple തുടങ്ങിയ സാങ്കേതിക കമ്പനികളുടെ സ്ട്രീമിങ് സേവനങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും പ്രേക്ഷകരുടെ ശ്രദ്ധയ്ക്കായി ശക്തമായ മത്സരം സൃഷ്ടിക്കുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വ്യാപനവും വിനോദ ഉള്ളടക്ക നിർമാണം ഉൾപ്പെടെയുള്ള മേഖലകളിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്.
Walt Disney is reportedly considering laying off thousands of employees as part of a major cost-cutting initiative. According to Bloomberg, managers have been asked to identify ways to reduce annual operating costs by up to 20%. The potential cuts could affect television networks, film studios, and theme parks. Disney plans to reinvest part of the savings into film and television production, technology, theme parks, and its cruise business.
