അമേരിക്കൻ പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്സൺ തങ്ങളുടെ എൻട്രി ലെവൽ ക്രൂയിസർ നിര വിപുലീകരിച്ചുകൊണ്ട് പുതിയ ‘സ്പ്രിന്റ് 440’ അവതരിപ്പിച്ചു. X440 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഈ മോട്ടോർസൈക്കിൾ ഇറ്റലിയിലെ മിലാനിൽ നടക്കുന്ന ഇഐസിഎംഎ 2026 (EICMA 2026) മോട്ടോർ ഷോയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. 2027ൽ വാഹനം അമേരിക്കൻ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

27 ബി.എച്ച്.പി കരുത്തും 38 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 440 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് സ്പ്രിന്റ് 440-ന് കരുത്തേകുന്നത്. ഹൈവേ റൈഡിംഗിന് അനുയോജ്യമായ 6-സ്പീഡ് ഗിയർബോക്സ്, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, 3.5 ഇഞ്ച് കളർ ടി.എഫ്.ടി ഡിസ്പ്ലേ, ഡ്യുവൽ ചാനൽ എ.ബി.എസ്, റൗണ്ട് എൽ.ഇ.ഡി ഹെഡ്ലാമ്പ്, യു.എസ്.ബി-സി ചാർജിംഗ് പോർട്ട് എന്നിവയാണ് വാഹനത്തിലെ പ്രധാന ഫീച്ചറുകൾ.
671 മി.മീറ്റർ സീറ്റ് ഉയരവും ക്ലാസിക് ടീർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്കും റൈഡർമാർക്ക് മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്നു. ലിറ്ററിന് 34 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നുണ്ട്. യുകെയിൽ 4,995 പൗണ്ടും കാനഡയിൽ 8,499 കനേഡിയൻ ഡോളറുമാണ് പ്രാഥമികമായി പ്രഖ്യാപിച്ചിരിക്കുന്ന വില. എന്നാൽ, ഈ മോഡൽ ഇന്ത്യയിൽ എന്ന് അവതരിപ്പിക്കുമെന്നോ എന്നുമുതൽ ലഭ്യമാകുമെന്നോ ഉള്ള കാര്യത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
Harley-Davidson unveils the new Sprint 440 entry-level cruiser at EICMA 2026. Powered by a 440cc engine with 27 BHP, exploring features and specs.
