ഇന്ത്യയിലെ സിമന്റ് ഉൽപ്പാദനശേഷി വർധിപ്പിക്കാൻ ₹14,500 കോടിയുടെ വികസന പദ്ധതി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പിന്റെ അംബുജ സിമന്റ്സ്. 2030 സാമ്പത്തിക വർഷത്തോടെ കമ്പനിയുടെ വാർഷിക സിമന്റ് ഉൽപ്പാദനശേഷി 15.5 കോടി ടണ്ണായി ഉയർത്തുകയാണ് ലക്ഷ്യം. പുതിയ പദ്ധതിയിലൂടെ പ്രതിവർഷം മൂന്ന് കോടി ടണ്ണിന്റെ അധിക ഉൽപ്പാദനശേഷി സൃഷ്ടിക്കും.

നിലവിൽ അംബുജ സിമന്റ്സിന് പ്രതിവർഷം 11.35 കോടി ടൺ സിമന്റ് ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. 2027 മാർച്ചോടെ ഇത് 11.9 കോടി ടണ്ണായി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി.
അസം, ബിഹാർ, ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് പുതിയ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പുതിയ സിമന്റ് ഉൽപ്പാദന യൂണിറ്റുകൾ സ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ള പ്ലാന്റുകളുടെ ശേഷിയും വർധിപ്പിക്കും.
പശ്ചിമ ഇന്ത്യയിൽ പ്രതിവർഷം 1.55 കോടി ടണ്ണിന്റെയും കിഴക്കൻ ഇന്ത്യയിൽ 1.16 കോടി ടണ്ണിന്റെയും ഉത്തരേന്ത്യയിൽ 29 ലക്ഷം ടണ്ണിന്റെയും അധിക സിമന്റ് ഗ്രൈൻഡിങ് ശേഷിയാണ് പദ്ധതിയിടുന്നത്.
അസമിലെ ഉംറാങ്സോയിൽ പ്രതിവർഷം 40 ലക്ഷം ടൺ ശേഷിയുള്ള ക്ലിങ്കർ ഉൽപ്പാദന യൂണിറ്റും പദ്ധതിയുടെ ഭാഗമാണ്. പശ്ചിമ മേഖലയിലെ മറാത്ത, മുന്ദ്ര എന്നിവിടങ്ങളിലും ക്ലിങ്കർ ഉൽപ്പാദനശേഷി വർധിപ്പിക്കും.
ഉൽപ്പാദന കേന്ദ്രങ്ങൾ പ്രധാന വിപണികൾക്ക് സമീപമാക്കുന്നതിലൂടെ സിമന്റ് വിതരണച്ചെലവും ഗതാഗതച്ചെലവും കുറയ്ക്കാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. 2028 സാമ്പത്തിക വർഷത്തോടെ ഒരു ടൺ സിമന്റിന്റെ ഉൽപ്പാദനച്ചെലവ് ₹4,000 ആയി കുറയ്ക്കാനും അംബുജ ലക്ഷ്യമിടുന്നു. നിലവിൽ രാജ്യത്തുടനീളം 24 സംയോജിത സിമന്റ് പ്ലാന്റുകളും 24 ഗ്രൈൻഡിങ് യൂണിറ്റുകളുമാണ് കമ്പനിക്കുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 46 ലക്ഷം ടണ്ണിന്റെ അധിക ഉൽപ്പാദനശേഷി കമ്പനി സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ത്യയിൽ അടിസ്ഥാന സൗകര്യ വികസനവും ഭവനനിർമാണവും വർധിക്കുന്ന സാഹചര്യത്തിലാണ് അംബുജ സിമന്റ്സിന്റെ പുതിയ നിക്ഷേപ പ്രഖ്യാപനം. സിമന്റ് വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ചെലവ് നിയന്ത്രിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
Adani Group-owned Ambuja Cements plans to increase its annual cement production capacity to 155 million tonnes by FY2030. The company will invest ₹14,500 crore to establish new plants and expand existing facilities across six states: Assam, Bihar, Jharkhand, Gujarat, Maharashtra, and Uttar Pradesh.

