2036-ലെ ഒളിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് സുപ്രധാന മുന്നേറ്റം. ഒളിമ്പിക്സിന് വേദിയാകാൻ താല്പര്യം പ്രകടിപ്പിച്ച ഏഴ് ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ (NOC) പട്ടിക അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യയെക്കൂടാതെ ജർമ്മനി, ഹംഗറി, ഖത്തർ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന മറ്റ് ആറ് രാജ്യങ്ങൾ. പുതിയ രാജ്യങ്ങൾക്ക് താല്പര്യം അറിയിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് ഐ.ഒ.സി അന്തിമ പട്ടിക പുറത്തുവിട്ടത്.

ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മഹാമേളയ്ക്ക് വേദിയാകാനുള്ള ഇന്ത്യയുടെ ആഗ്രഹങ്ങളിലെ നിർണ്ണായകമായ ഘട്ടമാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി താല്പര്യം പ്രകടിപ്പിച്ച ഏഴ് രാജ്യങ്ങളും 2026 നവംബറിൽ ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷന് മുൻപിൽ വെർച്വൽ പ്രസന്റേഷൻ നടത്തും. ഇതിന് ശേഷം 2027 മാർച്ചിൽ നടക്കുന്ന ഐ.ഒ.സിയുടെ വിലയിരുത്തലുകൾക്ക് ശേഷമായിരിക്കും തന്ത്രപ്രധാനമായ ചർച്ചകളിലേക്ക് കടക്കുക. കായിക അടിസ്ഥാനസൗകര്യങ്ങൾ, ഗതാഗതം, താമസസൗകര്യം, ഭാവിയിലെ സുസ്ഥിരത എന്നിവയെല്ലാം മുൻനിർത്തിയായിരിക്കും ഇന്ത്യയുടെ സാധ്യതകൾ വിലയിരുത്തപ്പെടുക.
International Olympic Committee confirms India among 7 nations bidding for the 2036 Summer Olympics. Virtual presentations set for November 2026

