അങ്കമാലി, കറുകുറ്റി റെയിൽവേ സ്റ്റേഷനുകളിൽ പുതിയ ലോജിസ്റ്റിക്സ് സൗകര്യങ്ങൾ വരുന്നു. വിപണിയിലെ ചരക്കുനീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി റെയിൽവേയുടെ അധികഭൂമി ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി വിമാനത്താവളം വഴി എഫ്.എം.സി.ജി (FMCG) ഉൽപ്പന്നങ്ങളുടെ ചരക്കുനീക്കം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റെയിൽവേയും ഈ മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നത്.

അങ്കമാലിയിൽ ഏകദേശം 4,400 ചതുരശ്ര അടിയും കറുകുറ്റിയിൽ 3,000 ചതുരശ്ര അടിയും വിസ്തീർണ്ണമുള്ള ഭൂമിയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച് പ്രവർത്തിപ്പിക്കുന്ന ഈ കേന്ദ്രങ്ങളിൽ വെയർഹൗസുകൾ, കോൾഡ് ചെയിനുകൾ, മൈക്രോ ഫുൾഫിൽമെന്റ് സെന്ററുകൾ, കാർഗോ സ്കാനിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കാൻ സാധിക്കും.
ലേല നടപടികളിലൂടെ 25 വർഷത്തെ പ്രാരംഭ കാലയളവിലേക്കാണ് ഭൂമി പാട്ടത്തിന് നൽകുന്നത്. റെയിൽവേ ബോർഡിന്റെ ഭൂമി നയമനുസരിച്ച് പാട്ടത്തുക ഓരോ വർഷവും മുൻകൂറായി അടയ്ക്കേണ്ടതുണ്ട്. 100 കിലോമീറ്റർ ചുറ്റളവിലുള്ള റെയിൽവേ ടെർമിനലുകളുമായി ബന്ധിപ്പിക്കുന്ന ഈ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുടെ വിറ്റുവരവ് വളർച്ച നിശ്ചിത ഇടവേളകളിൽ റെയിൽവേ അവലോകനം ചെയ്യും.
വാർഷിക വളർച്ചാനിരക്ക് 25 ശതമാനത്തിൽ കൂടുതലാണെങ്കിൽ, നിശ്ചിത അധിക ശതമാനം തുക ഡെവലപ്പർ റെയിൽവേയ്ക്ക് നൽകണമെന്ന വ്യവസ്ഥയും കരാറിലുണ്ട്. റെയിൽവേയെ ദേശീയ വിതരണ ശൃംഖലയുടെ ഭാഗമാക്കാനും ചരക്ക് വരുമാനം ഉയർത്താനും ഈ പദ്ധതി വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
