ജിഎസ്ടി വന്നതിന് ശേഷം നികുതിയിളവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാത്തതിൽ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന് (ഐആർസിടിസി) ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണൽ 50.4 കോടി രൂപ പിഴ വിധിച്ചു. റെയിൽ നീർ പാക്കേജ്ഡ് കുടിവെള്ളത്തിന്റെ വിൽപനയിൽ നികുതി കുറച്ചിട്ടും എംആർപി തുകയായ 15 രൂപ മാറ്റമില്ലാതെ തുടർന്നതാണ് നടപടിക്ക് കാരണം.

2017 ജൂലൈ മുതൽ 2020 മെയ് വരെയുള്ള കാലയളവിലെ ഇടപാടുകൾ പരിശോധിച്ചാണ് ഡൽഹി പ്രിൻസിപ്പൽ ബെഞ്ചിന്റെ ഈ ഉത്തരവ്. റെയിൽവേ മന്ത്രാലയമാണ് വില നിശ്ചയിക്കുന്നതെന്നും തങ്ങൾ നേരിട്ടല്ല യാത്രക്കാർക്ക് വിൽപന നടത്തുന്നതെന്നുമുള്ള ഐആർസിടിസിയുടെ വാദങ്ങൾ ട്രിബ്യൂണൽ തള്ളി.
എന്നാൽ എംആർപി മാറ്റാൻ കഴിയില്ലെങ്കിലും നികുതിയിളവിന് ആനുപാതികമായി ഉൽപ്പന്നങ്ങളുടെ കൈമാറ്റ വില കുറയ്ക്കാൻ കോർപ്പറേഷന് ബാധ്യതയുണ്ടായിരുന്നുവെന്ന് ബെഞ്ച് വ്യക്തമാക്കി. ഒരു മാസത്തിനകം ഈ തുക കേന്ദ്ര-സംസ്ഥാന ഉപഭോക്തൃ ക്ഷേമ നിധികളിലേക്ക് പലിശ സഹിതം അടയ്ക്കണമെന്നാണ് ട്രിബ്യൂണലിന്റെ കർശന നിർദ്ദേശം.
The GST Appellate Tribunal orders IRCTC to deposit ₹50.4 crore for failing to pass on GST rate reduction benefits on Rail Neer packaged drinking water to passengers.
