ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ സ്പീക്കർ ഓണാക്കി പാട്ട് കേൾക്കുകയോ റീൽസും വീഡിയോകളും കാണുകയോ ചെയ്യുന്ന ശീലമുണ്ടോ? എങ്കിൽ ഇനി സൂക്ഷിക്കണം. സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ദക്ഷിണ റെയിൽവേ നിർദേശം നൽകി. നിയമലംഘനം നടത്തുന്നവർക്ക് പിഴ മാത്രമല്ല, സാഹചര്യത്തിനനുസരിച്ച് തടവുശിക്ഷയും നേരിടേണ്ടിവരും.
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മൊബൈൽ ഫോണിന്റെ സ്പീക്കറിലൂടെ ഉച്ചത്തിൽ പാട്ടുകളും വീഡിയോകളും കേൾപ്പിക്കുന്നതും മറ്റുള്ളവരുടെ യാത്രാസൗകര്യത്തെ ബാധിക്കുന്ന തരത്തിൽ ഫോൺ സംഭാഷണങ്ങൾ നടത്തുന്നതും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ ഇടപെടൽ. ഇത്തരം പ്രവൃത്തികൾ പൊതുശല്യമായി കണക്കാക്കി റെയിൽവേ നിയമപ്രകാരം നടപടിയെടുക്കാനാണ് തീരുമാനം.

റെയിൽവേ നിയമത്തിലെ സെക്ഷൻ 145 പ്രകാരമാണ് നടപടി. ട്രെയിനിലോ റെയിൽവേ പരിസരത്തോ മറ്റ് യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ പെരുമാറുന്നവരെ അവിടെനിന്ന് നീക്കം ചെയ്യാനും 1,000 രൂപ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. യാത്രക്കാരുടെ ടിക്കറ്റോ പാസോ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
അധികാരപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും ശല്യപ്പെടുത്തുന്ന പ്രവൃത്തി തുടരുകയാണെങ്കിൽ ശിക്ഷ കൂടുതൽ കടുക്കും. ആറുമാസം വരെ ലളിതതടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥയാണ് റെയിൽവേ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ സ്പീക്കർ മോഡിൽ ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും നേരിട്ട് ആറുമാസം തടവ് ലഭിക്കുമെന്നല്ല ഇതിനർഥം. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നതും മുന്നറിയിപ്പിനുശേഷവും അത് തുടരുന്നതുമാണ് കടുത്ത നടപടിക്ക് കാരണമാകുന്നത്.
ട്രെയിനിൽ മൊബൈൽ ഫോണിൽ റീൽസോ സിനിമയോ വീഡിയോയോ കാണുന്നത് പൂർണമായി നിരോധിച്ചിട്ടില്ല. എന്നാൽ അതിന്റെ ശബ്ദം സഹയാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിൽ സ്പീക്കറിലൂടെ കേൾപ്പിക്കുന്നതാണ് നിയന്ത്രണത്തിന്റെ പരിധിയിൽ വരുന്നത്.
യാത്രക്കാർ ഇയർഫോണുകൾ ഉപയോഗിക്കണമെന്നും ഫോൺ സംഭാഷണങ്ങൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്ത ശബ്ദത്തിൽ നടത്തണമെന്നും റെയിൽവേ നിർദേശിക്കുന്നു. ഫോൺ സൈലന്റ് മോഡിലോ വൈബ്രേഷൻ മോഡിലോ ഇടുന്നതും റിങ്ടോണിന്റെ ശബ്ദം കുറയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
നിയന്ത്രണം ട്രെയിൻ കോച്ചുകൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. റെയിൽവേ സ്റ്റേഷനുകളിലും മറ്റ് റെയിൽവേ പരിസരങ്ങളിലും സഹയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിലുള്ള മൊബൈൽ ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കാം.
ദക്ഷിണ റെയിൽവേയുടെ വാണിജ്യ വിഭാഗം വിവിധ ഡിവിഷനുകൾക്ക് നൽകിയ നിർദേശപ്രകാരം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇതുസംബന്ധിച്ച ബോധവൽക്കരണ അറിയിപ്പുകൾ നൽകണം.
മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും അറിയിപ്പുകൾ നൽകാനാണ് നിർദേശം. ടിക്കറ്റ് എക്സാമിനർ റാങ്കിൽ കുറയാത്ത അധികാരപ്പെട്ട വാണിജ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് നിയമപ്രകാരമുള്ള പിഴ ചുമത്താനുള്ള അധികാരവും നൽകിയിട്ടുണ്ട്.
മൊബൈൽ ഇന്റർനെറ്റ് വ്യാപകമായതോടെ ട്രെയിനുകളിലും പൊതുസ്ഥലങ്ങളിലും സ്പീക്കർ മോഡിൽ വീഡിയോകളും സംഗീതവും കേൾക്കുന്ന പ്രവണത വർധിച്ചിട്ടുണ്ടെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
ദീർഘദൂര ട്രെയിൻ യാത്രകളിൽ വിശ്രമിക്കാനും ഉറങ്ങാനും ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഇത്തരം ശബ്ദങ്ങൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കുട്ടികൾ, പ്രായമായവർ, രോഗികൾ തുടങ്ങിയവർക്കും ഉച്ചത്തിലുള്ള ശബ്ദം അസ്വസ്ഥതയുണ്ടാക്കാം.
ട്രെയിനുകളിലെ ശബ്ദശല്യത്തെക്കുറിച്ച് യാത്രക്കാരുടെ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നിലവിലുള്ള നിയമവ്യവസ്ഥകൾ കൂടുതൽ ശക്തമായി നടപ്പാക്കാൻ റെയിൽവേ നീങ്ങുന്നത്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
– ട്രെയിനിലും റെയിൽവേ സ്റ്റേഷനുകളിലും പാട്ടുകളും വീഡിയോകളും മറ്റുള്ളവർക്ക് ശല്യമാകുന്ന വിധത്തിൽ സ്പീക്കറിൽ പ്ലേ ചെയ്യരുത്.
– റീൽസും സിനിമകളും കാണുമ്പോൾ ഇയർഫോണുകൾ ഉപയോഗിക്കുക.
– ഫോൺ സംഭാഷണങ്ങൾ മിതമായ ശബ്ദത്തിൽ നടത്തുക.
– റിങ്ടോൺ ശബ്ദം കുറയ്ക്കുകയോ സൈലന്റ് മോഡ് ഉപയോഗിക്കുകയോ ചെയ്യുക.
– റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക.
മൊബൈൽ ഫോണും ഇന്റർനെറ്റും വ്യക്തികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോഴും പൊതുഗതാഗത സംവിധാനങ്ങളിൽ മറ്റുള്ളവരുടെ സൗകര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് റെയിൽവേ നൽകുന്നത്.
സ്വന്തം മൊബൈലിൽ എന്ത് കാണണമെന്നതും കേൾക്കണമെന്നതും വ്യക്തികളുടെ തിരഞ്ഞെടുപ്പാണ്. എന്നാൽ അത് സഹയാത്രക്കാർക്ക് നിർബന്ധിതമായി കേൾക്കേണ്ട സാഹചര്യമുണ്ടാകരുത്. ശാന്തവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ യാത്രക്കാരുടെ സഹകരണവും ഉത്തരവാദിത്തമുള്ള മൊബൈൽ ഉപയോഗവും അനിവാര്യമാണെന്നാണ് റെയിൽവേയുടെ നിലപാട്.
Southern Railway has warned passengers against playing loud music, reels, and videos on mobile phone speakers in trains and railway premises. Under Section 145 of the Railways Act, causing a public nuisance may attract a ₹1,000 fine and removal from railway premises. Continued violations despite warnings could lead to fines of up to ₹5,000, imprisonment of up to six months, or both.
