ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ വിവിധ ചുമതലകൾ വഹിച്ച ശേഷം, ഡൽഹി ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായി നിയമിതനായിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ‘ദാദാ ഗിരി’, ‘ബിഗ് ബോസ് ബംഗ്ലാ’ തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെ അവതാരകനായും ഗാംഗുലി തിളങ്ങിയിരുന്നു.

2015ൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പ്രസിഡന്റായും 2019-ൽ ബി.സി.സി.ഐ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം ക്രിക്കറ്റ് ഭരണരംഗത്തേക്ക് വരുന്നത്. ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേശകനായും ക്രിക്കറ്റ് ഡയറക്ടറായും പ്രവർത്തിച്ച ഗാംഗുലി, ദക്ഷിണാഫ്രിക്കയിലെ SA20 ലീഗിൽ പ്രിറ്റോറിയ ക്യാപിറ്റൽസിനെ ഫൈനലിൽ എത്തിച്ച പരിശീലന പരിചയ സമ്പത്തുമായാണ് പുതിയ ചുമതലയിലെത്തുന്നത്.
ഫ്രാഞ്ചൈസി പരിശീലനത്തിലെ ഈ വിജയം, ഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് ഗാംഗുലി എത്തുമോ എന്ന ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. മൈതാനത്തെയും ഭരണരംഗത്തെയും തന്റെ നീണ്ടകാലത്തെ പരിചയസമ്പത്ത് ഇനി കോച്ചിംഗ് ബോക്സിൽ തെളിയിക്കുക എന്നതാണ് ഗാംഗുലിക്ക് മുന്നിലുള്ള പുതിയ വെല്ലുവിളി.
Sourav Ganguly has been appointed as the Head Coach of Delhi Capitals following his coaching success with Pretoria Capitals in SA20 and administrative stints with BCCI.
