ദേശീയപാതയോരങ്ങളിലെ ടോൾ പ്ലാസകളിലുള്ള ശുചിമുറികൾ വൃത്തിഹീനമായി കണ്ടാൽ ചിത്രം പകർത്തി അയക്കുന്ന യാത്രക്കാർക്ക് 1,000 രൂപ പാരിതോഷികം നൽകുന്ന ‘ക്ലീൻ ടോയ്ലറ്റ് പിക്ചർ ചലഞ്ച്’ പദ്ധതിയുമായി എൻ.എച്ച്.എ.ഐ. ശുചിത്വവും ശുചിത്വ പരിപാലനവും ഉറപ്പാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ‘സ്പെഷ്യൽ ക്യാമ്പയിൻ 5.0’ ന്റെ ഭാഗമായാണ് ഈ വേറിട്ട പദ്ധതി നടപ്പിലാക്കുന്നത്.

‘രാജ്മാർഗ് യാത്ര’ (RajmargYatra) ആപ്ലിക്കേഷൻ വഴി വ്യക്തമായ ജിയോ-ടാഗ് ചെയ്തതും സമയം രേഖപ്പെടുത്തിയതുമായ ചിത്രങ്ങൾ വിവരങ്ങൾ സഹിതം അപ്ലോഡ് ചെയ്താണ് പരാതി നൽകേണ്ടത്. എ.ഐ സാങ്കേതികവിദ്യയും മാനുവൽ പരിശോധനയും വഴി സ്ഥിരീകരിക്കുന്ന സാധുവായ പരാതികൾക്ക് വാഹന രജിസ്ട്രേഷൻ നമ്പറുമായി ബന്ധിപ്പിച്ച ഫാസ്റ്റ് ടാഗ് (FASTag) റീചാർജ് ആയിട്ടായിരിക്കും 1,000 രൂപ നൽകുക.
എൻ.എച്ച്.എ.ഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ടോൾ പ്ലാസ ശുചിമുറികൾക്ക് മാത്രമായിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഒരു വാഹന രജിസ്ട്രേഷൻ നമ്പറിലേക്ക് ഒരു തവണ മാത്രമേ സമ്മാനം ലഭിക്കൂ എന്നും ഒരേ ശുചിമുറിയെക്കുറിച്ചുള്ള പരാതികളിൽ ആദ്യം ലഭിക്കുന്ന ചിത്രത്തിനാണ് സമ്മാനാർഹതയെന്നും മന്ത്രാലയം വ്യക്തമാക്കി.
Spot a dirty toll plaza toilet on national highways? Upload a photo via the RajmargYatra app and win a ₹1,000 FASTag recharge under NHAI’s new cleanliness drive.
