ചന്ദ്രനിൽ സ്ഥിരമായൊരു അടിത്തറ (Moon base) നിർമിക്കാനുള്ള തയാറെടുപ്പുകളുമായി ഇലോൺ മസ്കിന്റെ ‘സ്പേസ് എക്സ്’, ജെഫ് ബെസോസിന്റെ ‘ബ്ലൂ ഒറിജിൻ’ എന്നീ കമ്പനികൾ മുന്നേറുമ്പോൾ, ഇതുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ആർട്ടിമിസ് ദൗത്യങ്ങളെക്കുറിച്ച് നിർണായക പ്രഖ്യാപനവുമായി നാസ. കെന്നഡി സ്പേസ് സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിലാണ് നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ ദൗത്യത്തിന്റെ പുരോഗതി പങ്കുവെച്ചത്.

“ഇത് ഞങ്ങളുടെ സ്വന്തം ചരിത്രത്തെക്കുറിച്ചാണ്. നാസയ്ക്ക് വളരെ നന്നായി അറിയാവുന്നൊരു വഴിയാണിത്. അപ്പോളോ 7 സ്പ്ലാഷ്ഡൗണിന് ശേഷം കേവലം ഒൻപത് മാസത്തിനുള്ളിൽ അപ്പോളോ 11 പൂർത്തിയാക്കിയ അതേ രീതിയിലാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്,” ജാറെഡ് ഐസക്മാൻ പറഞ്ഞു. മുൻവർഷങ്ങളിലെ മന്ദഗതി കാരണം ചന്ദ്രനിൽ ബഹിരാകാശ യാത്രികരെ ഇറക്കാനുള്ള പുതിയ ബഹിരാകാശ മത്സരം പ്രതീക്ഷിച്ചതിലും കടുത്തതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചന്ദ്രന്റെ തെക്കേ ധ്രുവത്തിന് (South Pole) സമീപമാണ് നാസ മൂൺ ബേസ് ലക്ഷ്യമിടുന്നത്. ഇതിനായി നാസയുടെ ഓറിയോൺ (Orion) ക്യാപ്സ്യൂളിൽ ഭ്രമണപഥത്തിലേക്ക് കുതിക്കുന്ന ബഹിരാകാശ യാത്രികർ അടുത്ത വർഷം ലാൻഡറുകളുമായുള്ള ഡോക്കിങ് പരിശീലനങ്ങളിൽ പങ്കാളികളാകും. ഭൂമിയിൽ നിന്ന് ഏകദേശം 435 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ഓറിയോൺ പേടകം ആദ്യം ബ്ലൂ ഒറിജിന്റെ ‘ബ്ലൂ മൂൺ’ (Blue Moon) ലാൻഡറുമായും തുടർന്ന് സ്പേസ് എക്സിന്റെ ‘സ്റ്റാർഷിപ്പു’മായും (Starship) ഡോക്ക് ചെയ്യും.
2028-ൽ നടക്കാനിരിക്കുന്ന ആർട്ടിമിസ് IV ദൗത്യത്തിനായി സ്പേസ് എക്സിന്റെയോ ബ്ലൂ ഒറിജിന്റെയോ ലാൻഡർ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അന്തിമ നിമിഷം വരെ എല്ലാ സാധ്യതകളും തുറന്നിടാനാണ് നാസയുടെ തീരുമാനമെന്ന് ഫോർച്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
NASA keeps options open for SpaceX and Blue Origin to build landers for the 2028 Artemis IV mission as Elon Musk and Jeff Bezos compete to establish a moon base.
