രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ഓപ്പറേറ്ററായ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന് (APSEZ)
2026–27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം. സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം മുൻവർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 18 ശതമാനം ഉയർന്ന് ₹3,682 കോടിയിലെത്തി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ₹3,120 കോടിയായിരുന്നു കമ്പനിയുടെ അറ്റാദായം. വരുമാനം 24 ശതമാനം വർധിച്ച് ₹9,167 കോടിയിൽനിന്ന് ₹11,340 കോടിയിലെത്തി. പലിശ, നികുതി, മൂല്യത്തകർച്ച തുടങ്ങിയവയ്ക്ക് മുമ്പുള്ള പ്രവർത്തനലാഭമായ EBITDA 23 ശതമാനം ഉയർന്ന് ₹6,807 കോടിയായി.
ഇന്ത്യൻ തുറമുഖ പ്രവർത്തനങ്ങൾക്കൊപ്പം അന്താരാഷ്ട്ര തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, മറൈൻ സേവനങ്ങൾ എന്നീ മേഖലകളിലുണ്ടായ വളർച്ചയാണ് മികച്ച സാമ്പത്തിക പ്രകടനത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു.
നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിലും കമ്പനി മികച്ച പ്രകടനമാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വരുമാനം 21 ശതമാനം വർധിച്ച് ₹22,161 കോടിയിലെത്തി. അറ്റാദായം 14 ശതമാനം ഉയർന്ന് ₹7,332 കോടിയായി.
അദാനി പോർട്സിന്റെ അന്താരാഷ്ട്ര തുറമുഖ ബിസിനസാണ് രണ്ടാം പാദത്തിലെ ശ്രദ്ധേയമായ വളർച്ച കൈവരിച്ച മേഖലകളിലൊന്ന്. അന്താരാഷ്ട്ര തുറമുഖങ്ങളിൽനിന്നുള്ള വരുമാനം 71 ശതമാനം വർധിച്ച് ₹1,839 കോടിയിലെത്തി. മുൻവർഷം ഇത് ₹1,077 കോടിയായിരുന്നു.
ഈ വിഭാഗത്തിലെ EBITDA ₹261 കോടിയിൽനിന്ന് ₹878 കോടിയായി ഉയർന്നു. പ്രവർത്തനലാഭ മാർജിൻ റെക്കോർഡ് നിലവാരമായ 47.7 ശതമാനത്തിലെത്തി.
ശ്രീലങ്കയിലെ കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനൽ, ടാൻസാനിയയിലെ തുറമുഖ പ്രവർത്തനങ്ങൾ, ഓസ്ട്രേലിയയിലെ NQXT എന്നിവയുടെ സംഭാവനയാണ് അന്താരാഷ്ട്ര ബിസിനസിലെ വളർച്ചയ്ക്ക് സഹായകമായത്.കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനൽ പ്രവർത്തനം ആരംഭിച്ച് ആദ്യ 18 മാസത്തിനുള്ളിൽ 20 ലക്ഷം TEU കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. രണ്ടാംഘട്ട വികസനത്തോടെ ടെർമിനലിന്റെ വാർഷിക ശേഷി 16 ലക്ഷം TEUവിൽനിന്ന് 32 ലക്ഷം TEUവായി ഇരട്ടിയായി.
കേരളത്തെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ പുതിയ പ്രവർത്തനങ്ങളും അദാനി പോർട്സിന്റെ പാദഫലത്തിൽ ശ്രദ്ധേയമാണ്.2026–27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ വിഴിഞ്ഞം തുറമുഖത്ത് കയറ്റുമതി–ഇറക്കുമതി (EXIM) പ്രവർത്തനങ്ങൾ ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി.അന്താരാഷ്ട്ര ട്രാൻസ്ഷിപ്മെന്റ് കേന്ദ്രമെന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്കൊപ്പം നേരിട്ടുള്ള കയറ്റുമതി–ഇറക്കുമതി ചരക്കുനീക്കത്തിനും വിഴിഞ്ഞം പ്രാധാന്യം നൽകിത്തുടങ്ങിയതിന്റെ സൂചനയാണിത്.കേരളത്തിലെ കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും വ്യവസായ സ്ഥാപനങ്ങൾക്കും തുറമുഖവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്സ് സേവനങ്ങൾക്കും ദീർഘകാലാടിസ്ഥാനത്തിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഈ വികസനം സഹായിച്ചേക്കാം.അതേസമയം, വിഴിഞ്ഞത്തിന്റെ EXIM പ്രവർത്തനങ്ങളിൽനിന്നുള്ള പ്രത്യേക വരുമാനമോ ലാഭമോ കമ്പനി പാദഫലത്തിൽ പ്രത്യേകം വെളിപ്പെടുത്തിയിട്ടില്ല.
ആഭ്യന്തര തുറമുഖ ബിസിനസിൽ അദാനി പോർട്സിന്റെ വരുമാനം 13 ശതമാനം വർധിച്ച് ₹7,177 കോടിയിലെത്തി.രണ്ടാം പാദത്തിൽ കമ്പനിയുടെ ഇന്ത്യൻ തുറമുഖങ്ങൾ 118 ദശലക്ഷം മെട്രിക് ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. ആഭ്യന്തര തുറമുഖ വിഭാഗത്തിലെ EBITDA മാർജിൻ 72.5 ശതമാനമായി നിലനിന്നു.
ഇന്ത്യയിലെ മൊത്തം തുറമുഖ ചരക്കുനീക്കത്തിൽ കമ്പനിയുടെ വിപണി വിഹിതം 27.3 ശതമാനവും കണ്ടെയ്നർ ചരക്കുനീക്കത്തിൽ 44.4 ശതമാനവുമാണെന്ന് കമ്പനി അറിയിച്ചു.
ഒഡിഷയിലെ പാരദീപ് തുറമുഖത്ത് രണ്ട് ഡ്രൈ ബൾക്ക് ബെർത്തുകളുടെ പ്രവർത്തനത്തിനായി 30 വർഷത്തെ കൺസഷനും കമ്പനി സ്വന്തമാക്കി. ഇതിലൂടെ 18 ദശലക്ഷം ടൺ അധിക യന്ത്രവത്കൃത ചരക്കുകൈകാര്യം ചെയ്യൽ ശേഷിയാണ് ലഭിക്കുക.
തുറമുഖ പ്രവർത്തനങ്ങൾക്ക് പുറമേ സംയോജിത ലോജിസ്റ്റിക്സ് സേവനങ്ങൾ വിപുലീകരിക്കുന്നതിലും അദാനി പോർട്സ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ലോജിസ്റ്റിക്സ് ബിസിനസിലെ വരുമാനം 21 ശതമാനം ഉയർന്ന് ₹1,273 കോടിയായി. തുറമുഖങ്ങളിൽനിന്ന് ചരക്കുകൾ വ്യവസായ കേന്ദ്രങ്ങളിലേക്കും ഉപഭോക്തൃ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്ന ‘ഷോർ ടു ഡോർ’ സേവന ശൃംഖലയുടെ വിപുലീകരണമാണ് വളർച്ചയ്ക്ക് സഹായകമായത്.മറൈൻ ബിസിനസിലെ വരുമാനം 57 ശതമാനം വർധിച്ച് ₹1,007 കോടിയിലെത്തി. കമ്പനിയുടെ കപ്പൽ ശൃംഖല 127ൽനിന്ന് 138 കപ്പലുകളായി ഉയർന്നു.ഓഫ്ഷോർ സേവനങ്ങളുടെ വിപുലീകരണവും കടലിനടിയിലെ സേവനമേഖലയിലേക്കുള്ള പ്രവേശനവും മറൈൻ ബിസിനസിന്റെ വളർച്ചയ്ക്ക് സംഭാവന നൽകി.ഇന്ത്യയിലും വിദേശത്തുമുള്ള തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, മറൈൻ സേവനങ്ങൾ എന്നിവയുടെ വികസനത്തിനാണ് കമ്പനി നിക്ഷേപം വേഗത്തിലാക്കുന്നത്.
ചരക്കുനീക്കത്തിൽ തുറമുഖ പ്രവർത്തനങ്ങൾക്കൊപ്പം റെയിൽ, റോഡ്, വെയർഹൗസിങ്, മൾട്ടിമോഡൽ ലോജിസ്റ്റിക്സ് എന്നിവയെ ഒരൊറ്റ സംയോജിത സംവിധാനമാക്കി വികസിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.നിലവിൽ ഇന്ത്യയിലെ വിവിധ തീരങ്ങളിലായി 16 തുറമുഖങ്ങളും ടെർമിനലുകളും കമ്പനിയുടെ ശൃംഖലയിലുണ്ട്. ഓസ്ട്രേലിയ, ശ്രീലങ്ക, ഇസ്രയേൽ, ടാൻസാനിയ എന്നിവിടങ്ങളിലും അന്താരാഷ്ട്ര തുറമുഖ പ്രവർത്തനങ്ങളുണ്ട്.2030–31 സാമ്പത്തിക വർഷത്തോടെ വാർഷിക ചരക്കുനീക്കം 100 കോടി ടണ്ണിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
ആഭ്യന്തര തുറമുഖങ്ങൾ കമ്പനിയുടെ പ്രധാന വരുമാന അടിത്തറയായി തുടരുമ്പോൾ അന്താരാഷ്ട്ര തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, മറൈൻ സേവനങ്ങൾ എന്നിവ പുതിയ വളർച്ചാ മേഖലകളായി മാറുകയാണെന്ന് അദാനി പോർട്സ് ഹോൾടൈം ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു.മികച്ച ആദ്യപകുതി പ്രകടനവും സാമ്പത്തിക അടിത്തറയും പരിഗണിച്ചാണ് വാർഷിക വരുമാന, പ്രവർത്തനലാഭ, മൂലധന നിക്ഷേപ ലക്ഷ്യങ്ങൾ ഉയർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Adani Ports and Special Economic Zone (APSEZ), India’s leading private port operator, reported an 18% rise in net profit to ₹3,682 crore, while revenue surged 24% to ₹11,340 crore in Q2 FY27. The strong performance was driven by growth across domestic and international ports, logistics, and marine services. APSEZ commands 27.3% of India’s total port cargo market and 44.4% of container traffic. In a significant development for Kerala, the company also announced the commencement of export-import (EXIM) operations at Vizhinjam International Seaport during the quarter.
