ബിപിസിഎല്ലിന്റെ (Bharat Petroleum Corporation Limited) മുംബൈ റിഫൈനറിയിൽ നടപ്പാക്കുന്ന വൻകിട പെട്രോ കെമിക്കൽ പദ്ധതിക്ക് ആവശ്യമായ വൈദ്യുതി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനായി ടാറ്റാ പവറും ബിപിസിഎല്ലും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റിഫൈനറിയിലെ ‘പെട്രോ റെസിഡ് ഫ്ലൂയിഡൈസ്ഡ് കാറ്റലിറ്റിക് ക്രാക്കിംഗ് യൂണിറ്റ്’ (PRFCCU) പദ്ധതിക്കായി 110 കെ.വി പ്രസരണ ശൃംഖല നിർമ്മിച്ച് 90 മെഗാവാട്ട് വൈദ്യുതി എത്തിക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഏകദേശം 250 കോടി രൂപയുടെ സംയുക്ത നിക്ഷേപത്തിൽ പൂർത്തിയാക്കുന്ന ഈ വൈദ്യുതി ഇൻഫ്രാസ്ട്രക്ചർ പദ്ധതി രണ്ട് വർഷത്തിനുള്ളിൽ സജ്ജമാകും.

ബിപിസിഎൽ മുംബൈ റിഫൈനറിയിൽ നിലവിൽ പുരോഗമിക്കുന്ന ഏറ്റവും വലിയ സംരംഭമായ PRFCCU പദ്ധതിക്ക് ₹14,203 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 3 മില്യൺ മെട്രിക് ടൺ ശേഷിയുള്ള ഈ പദ്ധതി ഇന്ധന സംസ്കരണത്തിൽ ഉയർന്ന മൂല്യമുള്ള പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വേർതിരിച്ചെടുക്കാനും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കാനും സഹായിക്കും. ടാറ്റാ പവറുമായുള്ള ഈ കരാർ റിഫൈനറിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കുമെന്നും ഭാവി വികസനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നും കമ്പനി വ്യക്തമാക്കി.
Tata Power and BPCL partner to build a ₹250 crore power infrastructure for BPCL’s Mumbai Refinery, supplying 90 MW to its ₹14,203 crore petrochemical expansion project.
