കേരളത്തിന്റെ ചരക്കുനീക്ക, ഇറക്കുമതി-കയറ്റുമതി മേഖലകൾക്ക് കൂടുതൽ കരുത്തേകിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി എംആർഎഫിനായി പശ്ചിമ ആഫ്രിക്കയിൽ നിന്ന് 1,500 മെട്രിക് ടൺ സ്വാഭാവിക റബ്ബർ എത്തി. ഐവറി കോസ്റ്റിലെ അബിജാൻ തുറമുഖത്തുനിന്ന് MSC Beatrice എന്ന മദർഷിപ്പിലാണ് 60 കണ്ടെയ്നറുകളിലായി റബ്ബർ വിഴിഞ്ഞത്തെത്തിയത്.
കസ്റ്റംസ് നടപടികൾക്ക് ശേഷം കണ്ടെയ്നറുകൾ റോഡ് മാർഗം കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്ക് (ICD) മാറ്റും. അവിടെ പരിശോധനയും കസ്റ്റംസ് നടപടികളും പൂർത്തിയാക്കി കൊച്ചിയിലെ എംആർഎഫിന്റെ വെയർഹൗസിലേക്ക് കൊണ്ടുപോകും.
നിലവിൽ മുംബൈ വഴി ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ എംആർഎഫിന്റെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഏകദേശം ഒരു മാസം വരെ എടുക്കാറുണ്ട്. വിഴിഞ്ഞം വഴി ചരക്കുകൾ എത്തിക്കുന്നതിലൂടെ ഈ കാലതാമസം കുറയ്ക്കാനും ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ലക്ഷ്യമിടുന്നത്.
വിഴിഞ്ഞം തുറമുഖത്തെയും കോട്ടയം ഐസിഡിയെയും ബന്ധിപ്പിച്ചുള്ള ഈ ചരക്കുനീക്കം കേരളത്തിലെ ഇറക്കുമതി-കയറ്റുമതി മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നു.
ഇന്ത്യയുടെ ആകെ ട്രാൻസ്ഷിപ്പ്മെന്റ് ചരക്കുനീക്കത്തിന്റെ 30 ശതമാനത്തിലധികം വിഴിഞ്ഞം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം 1,230 കപ്പൽ സർവീസുകളും 27.5 ലക്ഷം TEU കണ്ടെയ്നറുകളും തുറമുഖം കൈകാര്യം ചെയ്തിട്ടുണ്ട്.
ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബെന്ന നിലയിൽ വളരുന്നതിനൊപ്പം ആഭ്യന്തര ചരക്കുനീക്ക കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് ഇറക്കുമതി-കയറ്റുമതി സേവനങ്ങൾ വിപുലീകരിക്കുന്നതിലേക്കുള്ള ചുവടുവയ്പ്പാണ് എംആർഎഫിന്റെ പുതിയ ചരക്കുനീക്കം.
വിഴിഞ്ഞം വഴി ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ കോട്ടയം ഐസിഡിയിലേക്ക് നേരിട്ട് എത്തിക്കുന്നത് കേരളത്തിലെ വ്യവസായങ്ങൾക്ക് ഗതാഗതസമയവും ചെലവും കുറയ്ക്കാൻ സഹായിച്ചേക്കും.ഇറക്കുമതി ചരക്കുകൾ ഇറക്കിയശേഷം ലഭിക്കുന്ന ഒഴിഞ്ഞ കണ്ടെയ്നറുകൾ കയറ്റുമതിക്ക് ഉപയോഗിക്കാനുള്ള സാധ്യതയും ഇതിലൂടെ വർധിക്കും. കൊച്ചിയിൽനിന്ന് ഒഴിഞ്ഞ കണ്ടെയ്നറുകൾ എത്തിക്കേണ്ട സാഹചര്യം കുറയ്ക്കാനും കണ്ടെയ്നറുകളുടെ ഉപയോഗക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പ്രധാന അന്താരാഷ്ട്ര കപ്പൽപ്പാതകൾക്ക് സമീപമുള്ള വിഴിഞ്ഞത്തിന്റെ സ്ഥാനം കേരളത്തിലെ വ്യവസായങ്ങൾക്ക് ആഗോള വിപണികളുമായി കൂടുതൽ കാര്യക്ഷമമായി ബന്ധപ്പെടാനുള്ള അവസരമാണ് ഒരുക്കുന്നത്.
