ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ടെലികോം മന്ത്രാലയം (DoT) പുതിയ ‘സിം-ബൈൻഡിംഗ്’ (SIM Binding) നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നു. പുതിയ നിർദ്ദേശമനുസരിച്ച്, വാട്ട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് രജിസ്റ്റർ ചെയ്തിരിക്കുന്ന ഇന്ത്യൻ ഫോൺ നമ്പർ അതേ ഹാൻഡ്സെറ്റിൽ തന്നെ സജീവമായ സിം കാർഡായി ഉണ്ടായിരിക്കണം. ഫോണിൽ സിം കാർഡ് ഇല്ലെങ്കിൽ ആപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടാൻ ഇത് കാരണമാകും. 2026 ഡിസംബർ 31-നകം പുതിയ സാങ്കേതിക മാറ്റങ്ങൾ വരുത്താൻ ആപ്പുകൾക്ക് ടെലികോം മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യൻ നമ്പറുകൾ ഉപയോഗിച്ച് വിദേശത്തുനിന്നും നടത്തുന്ന സൈബർ തട്ടിപ്പുകളും ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സാമ്പത്തിക തിരിമറികളും തടയുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തട്ടിപ്പുകാർ ഇന്ത്യൻ സിം കാർഡുകൾ സ്വന്തമാക്കി അക്കൗണ്ടുകൾ ഉണ്ടാക്കിയ ശേഷം വ്യാജ സന്ദേശങ്ങൾ അയക്കുന്ന രീതി ഇതിലൂടെ ഇല്ലാതാകും. അക്കൗണ്ട് ഉടമയുടെ കെ.വൈ.സി (KYC) പൂർത്തിയാക്കിയ സിം കാർഡോ അല്ലെങ്കിൽ ഇ-സിമ്മോ (eSIM) ഫോണിൽ നേരിട്ട് ഉള്ളപ്പോൾ മാത്രമേ ഇനി മുതൽ ഇത്തരം ആപ്പുകൾ പ്രവർത്തിക്കൂ. ആൻഡ്രോയിഡ്, ഐ.ഓ.എസ് (iOS) വ്യത്യാസമില്ലാതെ എല്ലാ ഹാൻഡ്സെറ്റുകൾക്കും ഇത് ബാധകമാണ്.
ഒരു ഫോണിലെ നമ്പർ ഉപയോഗിച്ച് ആപ്പ് സജ്ജമാക്കിയ ശേഷം ആ സിം കാർഡ് മാറ്റുകയോ, മറ്റൊരു ഫോണിൽ ഇടുകയോ ചെയ്യുന്നവരെയായിരിക്കും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. സിം നീക്കം ചെയ്യുകയോ നിഷ്ക്രിയമാവുകയോ ചെയ്താൽ ആപ്പുകളുടെ സേവനവും താനേ നിലയ്ക്കും. എന്നാൽ, വാട്ട്സ്ആപ്പും ടെലിഗ്രാമും ഈ പരിധിയിൽ വരുമ്പോൾ സ്നാപ്ചാറ്റ് പോലുള്ള ആപ്പുകൾക്ക് ഇതിൽ നിന്നും ഇളവ് ലഭിച്ചേക്കും. ഡ്യുവൽ സിം ഉപയോഗിക്കുന്നവരും വൈഫൈ മാത്രം ഉപയോഗിച്ച് ആപ്പുകൾ പ്രവർത്തിപ്പിക്കുന്നവരും അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് ഫോണിൽ തന്നെ സജീവമാണെന്ന് ഉറപ്പാക്കേണ്ടി വരും.
India’s Department of Telecommunications (DoT) mandates new SIM-binding rules for WhatsApp and Telegram by December 31, 2026. Learn how active SIM cards will be required to run messaging apps
