ദുബായിലെ ലോകപ്രശസ്തമായ ബുർജ് ഖലീഫ സന്ദർശിക്കാനും സിംഗപ്പൂരിലെ റിസോർട്ട്സ് വേൾഡ് സെന്റോസയിലെ വിനോദങ്ങൾക്കുമായി ഇനി ഇന്ത്യക്കാർക്ക് സ്വന്തം യു.പി.ഐ (UPI) ആപ്പുകൾ ഉപയോഗിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഈ നിർണായക വിവരം പുറത്തുവിട്ടത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) അന്താരാഷ്ട്ര വിഭാഗമായ എൽ.ഐ.പി.എൽ (NIPL), യു.എ.ഇയിലെയും സിംഗപ്പൂരിലെയും പേയ്മെന്റ് സേവന ദാതാക്കളുമായി കൈകോർത്താണ് ഈ സൗകര്യം യാഥാർഥ്യമാക്കിയത്.

യു.എ.ഇയിൽ ഇമാർ എന്റർടൈൻമെന്റ്, നിയോപേ (NEOPAY) എന്നിവയുമായി സഹകരിച്ചാണ് ബുർജ് ഖലീഫയിലെ ഓൺലൈൻ ബുക്കിങ്ങിനായി യു.പി.ഐ ലഭ്യമാക്കിയത്. യു.എ.ഇയിൽ ഇ-കൊമേഴ്സ് ഇടപാടുകൾക്കായി യു.പി.ഐ സേവനം ഉൾപ്പെടുത്തുന്ന ആദ്യ ടൂറിസ്റ്റ് കേന്ദ്രമായി ബുർജ് ഖലീഫ മാറി.
നിലവിൽ സിംഗപ്പൂർ, യു.എ.ഇ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, ശ്രീലങ്ക, കംബോഡിയ, ഗ്രീസ് എന്നീ 10 രാജ്യങ്ങളിൽ യു.പി.ഐ വഴിയുള്ള പണമിടപാടുകൾ ലഭ്യമാണ്. നേരത്തെ ഫ്രാൻസിലെ ഈഫൽ ടവറിലും യു.പി.ഐ ബുക്കിങ് സൗകര്യം ആരംഭിച്ചിരുന്നു. ഉസ്ബെക്കിസ്ഥാനിലും വൈകാതെ യു.പി.ഐ സേവനം പ്രാബല്യത്തിൽ വരുന്നതോടെ തദ്ദേശീയ പേയ്മെന്റ് ശൃംഖല ആഗോളതലത്തിൽ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Indians can now book tickets online for Dubai’s Burj Khalifa and Singapore’s Resorts World Sentosa using UPI. Check details on UPI’s global expansion.
