സ്വന്തമായി ഫ്ലയിങ് പരിശീലന അക്കാദമി ആരംഭിക്കാൻ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ വിമാനക്കമ്പനിയായി എയർ ഇന്ത്യ. മഹാരാഷ്ട്രയിലെ അമരാവതി ബെലോറ വിമാനത്താവളത്തിൽ 10 ഏക്കറിലധികം വിസ്തൃതിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ എയർ ഇന്ത്യ ഫ്ലയിങ് അക്കാദമി സജ്ജമാക്കുന്നത്. ഇതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അംഗീകാരം ലഭിച്ചു.

ഡിജിറ്റൽ ക്ലാസ് മുറികൾ, വിദ്യാർഥികൾക്കുള്ള താമസം, ഡിജിറ്റൽ ഓപ്പറേഷൻസ് സെന്റർ, സമഗ്രമായ മെയിന്റനൻസ് സൗകര്യം എന്നിവ ഇവിടെ ഉണ്ടാകും. മികച്ച സുരക്ഷാ മാനദണ്ഡങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന രീതികളും ഉറപ്പാക്കിക്കൊണ്ട് ഭാവിയിലെ പൈലറ്റുമാരെ വാർത്തെടുക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ പൈലറ്റുമാരുടെ ക്ഷാമം പരിഹരിക്കുന്നതിനും തദ്ദേശീയമായി വിദഗ്ധ പൈലറ്റുമാരെ സൃഷ്ടിക്കുന്നതിനും ഇത് സഹായകരമാകും.
ഗുരുഗ്രാമിൽ സ്ഥിതി ചെയ്യുന്ന 6 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ഏവിയേഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് പുറമേയാണ് എയർ ഇന്ത്യ അമരാവതിയിൽ പുതിയ ഫ്ലയിങ് അക്കാദമി സ്ഥാപിക്കുന്നത്. ഇന്ത്യയിലെ അതിവേഗം വളരുന്ന വ്യോമയാന മേഖലയ്ക്ക് കരുത്തേകാനും സ്വയംപര്യാപ്തമായ ഏവിയേഷൻ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനും ഈ ഫ്ലയിങ് അക്കാദമി വഴിയൊരുക്കുമെന്നും കമ്പനി വ്യക്തമാക്കി.
Air India receives DGCA nod to set up its own flying training academy in Amravati, Maharashtra, becoming the first Indian airline to achieve this milestone.

