അക്രമമാർഗ്ഗങ്ങളിലൂടെ ഭരണമാറ്റത്തിന് ശ്രമിക്കുകയോ അതിക്രമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നവർക്ക് ഇനി സർക്കാർ ജോലി നൽകില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ. ഉദ്യോഗാർത്ഥികളുടെ സ്വഭാവ വെരിഫിക്കേഷനുമായി (Character Verification) ബന്ധപ്പെട്ട ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ടാണ് യോഗി ആദിത്യനാഥ് സർക്കാർ നിർണ്ണായക ഉത്തരവിറക്കിയത്. പ്രിൻസിപ്പൽ സെക്രട്ടറി (അപ്പോയിന്റ്മെന്റ് ആൻഡ് പേഴ്സണൽ) എം. ദേവരാജ് പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ കോർപ്പറേഷനുകൾ, ബോർഡുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ നേരിട്ടുള്ള നിയമനങ്ങൾക്കും ബാധകമായിരിക്കും.

പരിശോധനാ തീയതിക്ക് തൊട്ടുമുമ്പുള്ള മൂന്ന് വർഷത്തിനിടെ (21 വയസ്സ് തികഞ്ഞതിന് ശേഷം) ഇത്തരം അക്രമപ്രവർത്തനങ്ങളിൽ പങ്കാളികളായതായി കണ്ടെത്തിയാൽ അവർ ഇപ്പോഴും അതിൽ സജീവമാണെന്ന് കണക്കാക്കിയാകും നടപടി. എന്നാൽ, രാഷ്ട്രീയ ആശയങ്ങൾ വെച്ചുപുലർത്തുന്നതിന്റെ പേരിൽ മാത്രം ആരെയും അയോഗ്യരാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, വ്യാജ പരാതികളുടെയോ എഫ്.ഐ.ആറുകളുടെയോ പൊലീസ് അന്വേഷണത്തിന്റെയോ പേരിൽ മാത്രം അപേക്ഷകരെ നേരിട്ട് ഒഴിവാക്കില്ല. കോടതി വെറുതെവിട്ടവർക്കും ജുവനൈൽ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസുകളുള്ളവർക്കും ജോലിക്ക് അർഹതയുണ്ടായിരിക്കും. അതേസമയം, യുവാക്കളുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെപ്പോലും അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് സമാജ്വാദി പാർട്ടിയും കോൺഗ്രസും തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
The Uttar Pradesh government has updated its character verification rules, barring individuals involved in violent protests from securing government jobs.
