ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ ആദ്യ പാതയിൽ ഹിറ്റാച്ചി റെയിലിന്റെ അത്യാധുനിക കമ്മ്യൂണിക്കേഷൻ അധിഷ്ഠിത ട്രെയിൻ നിയന്ത്രണ (CBTC) സിഗ്നലിങ് സംവിധാനം പ്രവർത്തനം ആരംഭിച്ചു. പൂനമല്ലി മുതൽ വടപളനി വരെയുള്ള ഏകദേശം 15 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇടനാഴിയും അതിലെ 11 എലവേറ്റഡ് സ്റ്റേഷനുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയും ചേർന്ന് ഉദ്ഘാടനം ചെയ്തു. മെട്രോ ശൃംഖലയിൽ ഡ്രൈവറില്ലാത്ത (GoA4) ഓപ്പറേഷനുകൾ സാധ്യമാക്കുന്ന രീതിയിലാണ് ഹിറ്റാച്ചി റെയിൽ ഈ സ്മാർട്ട് സിഗ്നലിങ് സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

2023-ൽ 1,620 കോടി രൂപയ്ക്ക് കരാറെടുത്ത ഹിറ്റാച്ചി റെയിൽ, 119 കിലോമീറ്റർ വരുന്ന രണ്ടാം ഘട്ടത്തിനായുള്ള സിഗ്നലിങ്, ട്രെയിൻ കൺട്രോൾ, വീഡിയോ മാനേജ്മെന്റ് സിസ്റ്റങ്ങൾ എന്നിവയാണ് സജ്ജമാക്കുന്നത്. ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ (ATO) വഴി ട്രെയിനുകളുടെ വേഗത കൃത്യമായി നിയന്ത്രിക്കാനും 90 സെക്കൻഡ് ഇടവേളകളിൽ വരെ സുരക്ഷിതമായി സർവീസ് നടത്താനും ഈ സിബിടിസി സംവിധാനത്തിലൂടെ സാധിക്കും. നഗരമധ്യത്തെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പാത യാത്രക്കാരുടെ സമയം ലാഭിക്കാനും ചെന്നൈയിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഹിറ്റാച്ചി റെയിൽ ഇന്ത്യ മാനേജിങ് ഡയറക്ടർ ഡോ. മനോജ് കൃഷ്ണപ്പ പറഞ്ഞു.
Chennai Metro Phase 2 inaugurates its first 15 km stretch with Hitachi Rail’s advanced driverless CBTC signaling system, boosting urban transit efficiency.
