അദാനി ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സിമ ഇന്ത്യ പ്രോജക്ട്സ് ലിമിറ്റഡ് (മുമ്പ് ITD സിമന്റേഷൻ ഇന്ത്യ ലിമിറ്റഡ്) ബെംഗളൂരു സബർബൻ ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ നിർമ്മാണ കരാർ സ്വന്തമാക്കി. കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (K-RIDE) ഒക്ടോബർ 29-നാണ് പദ്ധതിയുടെ സിവിൽ ജോലികൾക്കായുള്ള ഔദ്യോഗിക സമ്മതപത്രം (LoA) കൈമാറിയത്. ഏകദേശം ₹666 കോടിയാണ് ഈ കരാറിന്റെ ആകെ മൂല്യം.

പദ്ധതിയുടെ മല്ലിഗെ ലൈനിലുള്ള (Corridor-2) പാക്കേജ് 1 സിവിൽ ജോലികളുടെ നിർമ്മാണ ചുമതലയാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. 7.8 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് റോഡും റെയിൽവേ പാതയും ഒരുമിച്ച് വരുന്ന അത്യാധുനിക ‘ഡബിൾ ഡെക്കർ’ ഫ്ലൈഓവർ, മത്തിക്കെരെയിൽ നിർമ്മിക്കുന്ന പുതിയ റെയിൽവേ സ്റ്റേഷൻ എന്നിവ ഈ പാക്കേജിന്റെ ഭാഗമായി പൂർത്തിയാക്കും. കരാർ തീയതി മുതൽ 24 മാസത്തിനുള്ളിൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഐ.ടി.ഡി സിമന്റേഷൻ ഇന്ത്യ ലിമിറ്റഡ് ആയിരുന്ന കമ്പനി അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമാണ് ‘സിമ ഇന്ത്യ പ്രോജക്ട്സ്’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും പുതിയ സബർബൻ റെയിൽ പദ്ധതി. അദാനി ഗ്രൂപ്പിന്റെ സാന്നിധ്യം പദ്ധതിയുടെ പ്രവർത്തന വേഗത വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adani-backed Cemindia Projects secures a ₹666 crore contract from K-RIDE to build a double-decker flyover and station for Bengaluru’s Suburban Railway.

