ഉൽപ്പാദന, സംസ്കരണ ചെലവുകൾ കുത്തനെ ഉയർന്നതിനെ തുടർന്ന് പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ അമുൽ (ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ – ജി.സി.എം.എം.എഫ്) പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 2 മുതൽ 4 രൂപ വരെയാണ് വർധനവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വന്നു. മദർ ഡെയറി പാൽ വില കൂട്ടിയതിന് പിന്നാലെയാണ് അമുലിന്റെയും ഈ നടപടി.

പ്രധാന പാൽ പാക്കറ്റുകൾക്ക് 4 മുതൽ 5 ശതമാനം വരെയാണ് വില കൂട്ടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അമുൽ താസ (3% കൊഴുപ്പുള്ള ടോൺഡ് മിൽക്ക്) ലിറ്ററിന് 2 രൂപ വർധിച്ച് (3.3% വർധന) 62 രൂപയായി. ആറ് ശതമാനം കൊഴുപ്പുള്ള അമുൽ ഗോൾഡ് പാലിന് ലിറ്ററിന് 4 രൂപയാണ് (5.5% വർധന) വർധിപ്പിച്ചത്; ഇതോടെ വില 80 രൂപയായി ഉയർന്നു. അമുൽ ശക്തി, അമുൽ ടീ സ്പെഷ്യൽ എന്നിവയുടെ വിലയിലും മാറ്റമുണ്ട്. ഈ വർഷം മെയ് മാസത്തിലായിരുന്നു അമുൽ ഇതിനുമുമ്പ് വില വർധിപ്പിച്ചത്.
Amul raises milk prices by Rs 2 to Rs 4 per litre across India due to rising production costs. Check the updated rates for Amul Gold, Taaza, and other variants.

