കേന്ദ്ര ട്രൈബൽ മന്ത്രാലയം സ്റ്റാർട്ടപ്പ് ഇന്ത്യയുമായി (DPIIT) സഹകരിച്ച് സംഘടിപ്പിച്ച ‘ട്രൈബൽ ബിസിനസ് കോൺക്ലേവ് ഓപ്പൺ ഗ്രാൻഡ് ചലഞ്ചിൽ’ ദേശീയ അംഗീകാരം നേടി കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ് ടെക് സ്റ്റാർട്ടപ്പായ ഫ്യൂസ്ലേജ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. നവംബർ 12-ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിൽ നിന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ശ്രീ. ദേവൻ ചന്ദ്രശേഖരൻ പുരസ്കാരം ഏറ്റുവാങ്ങി. കേന്ദ്ര ട്രൈബൽ കാര്യ മന്ത്രി ശ്രീ. ജുവൽ ഓറാമും (Shri Jual Oram) ചടങ്ങിൽ സന്നിഹിതനായിരുന്നു.

കഴിഞ്ഞ ആറുവർഷമായി ട്രൈബൽ സെക്ടറിൽ കാർഷിക ഡ്രോൺ സാങ്കേതികവിദ്യയിലൂടെ ഫ്യൂസ്ലേജ് ഇന്നൊവേഷൻസ് നടപ്പാക്കിയ നൂതന ഇടപെടലുകളും ട്രൈബൽ കമ്മ്യൂണിറ്റികളുടെ ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച ഭാവിപദ്ധതികളുമാണ് ദേശീയതലത്തിൽ ശ്രദ്ധ നേടിയത്. ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം വിദൂര ട്രൈബൽ മേഖലകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച പദ്ധതികൾ കേന്ദ്ര ട്രൈബൽ മന്ത്രാലയവുമായി സഹകരിച്ച് പൈലറ്റ് പ്രോജക്ടുകളായി നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2021 മുതൽ ട്രൈബൽ കമ്മ്യൂണിറ്റികളുടെ കാർഷിക വികസനത്തിനും സാങ്കേതിക ശാക്തീകരണത്തിനുമായി ഫ്യൂസ്ലേജ് ഇന്നൊവേഷൻസ് പ്രവർത്തിച്ചുവരുന്നു. ഇന്ത്യ ഹൈ റേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ് (IHRML) പദ്ധതിയുടെ ഭാഗമായി യുഎൻഡിപിയുടെ ഗ്രീൻ ഇന്നൊവേഷൻ ഫണ്ടിന്റെ പിന്തുണയോടെയാണ് ഈ രംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. കേന്ദ്ര സർക്കാർ, ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലിറ്റി (GEF), ഹരിത കേരളം മിഷൻ എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയിൽ കാർഷിക ഡ്രോണുകളുടെ സഹായത്തോടെ വളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കുറയ്ക്കുന്നതിനും സുസ്ഥിര കാർഷികരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മുൻഗണന നൽകിയത്.
2022-ൽ തമിഴ്നാട് കാർഷിക സർവകലാശാലയുമായി സഹകരിച്ച് രാമേശ്വരം മേഖലയിലെ ട്രൈബൽ കർഷകരുടെ രാമച്ചക്കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള ഇടപെടലുകളും നടത്തി.
തുടർന്ന് സെൽകോ ഫൗണ്ടേഷനുമായി സഹകരിച്ച് വടക്കൻ കർണാടകയിലെ റായ്ച്ചൂർ, ഗംഗാവതി മേഖലകളിൽ കാർഷിക ഡ്രോൺ സാങ്കേതികവിദ്യ വ്യാപിപ്പിച്ചു. ഗ്യാപ് ഫിനാൻസിങ് മാതൃകയിലൂടെ പ്രാദേശിക കർഷകരെ ‘ചാമ്പ്യൻ ഫാർമേഴ്സ്’ ആയി വളർത്തിയെടുക്കുന്നതിനൊപ്പം ട്രൈബൽ കർഷകർക്ക് ഡ്രോണുകളും പരിശീലനവും ആവശ്യമായ പൈലറ്റ് ലൈസൻസും ലഭ്യമാക്കി സ്വയംതൊഴിൽ സംരംഭകരായി മാറാനുള്ള അവസരങ്ങളും ഒരുക്കി. ഇതിലൂടെ ആധുനിക കാർഷിക സാങ്കേതികവിദ്യയുടെ ഗുണഭോക്താക്കൾ എന്നതിലുപരി ഡ്രോൺ അധിഷ്ഠിത സംരംഭങ്ങളുടെ നടത്തിപ്പുകാരായി ട്രൈബൽ കർഷകരെ ഉയർത്തിക്കൊണ്ടുവരാനും ഫ്യൂസ്ലേജിന് സാധിച്ചു.
നിലവിൽ കോട്ടയത്തെ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ച് അസം, മിസോറം സംസ്ഥാനങ്ങളിലെ റബ്ബർ കർഷകർക്ക് ഡ്രോൺ അധിഷ്ഠിത കാർഷിക സേവനങ്ങളും സാങ്കേതിക പിന്തുണയും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും കമ്പനി മുന്നോട്ടുകൊണ്ടുപോകുകയാണ്.
2026-ലെ ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് ജേതാക്കളായ ഫ്യൂസ്ലേജ് ഇന്നൊവേഷൻസ് കാർഷിക ഡ്രോണുകളുടെ ഗവേഷണം, വികസനം, നിർമ്മാണം, പ്രതിരോധ മേഖലയ്ക്കായുള്ള നൂതന സാങ്കേതിക സംവിധാനങ്ങൾ, ഡ്രോൺ പൈലറ്റ് പരിശീലനം തുടങ്ങിയ മേഖലകളിൽ സജീവമാണ്.
ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO), നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (NPOL) എന്നിവയുമായി സഹകരിച്ച് പ്രതിരോധ സാങ്കേതികവിദ്യാ പദ്ധതികളിലും കമ്പനി പ്രവർത്തിച്ചിട്ടുണ്ട്.
കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കമ്പനിയുടെ ഡ്രോൺ സാങ്കേതികവിദ്യയും സേവനങ്ങളും എത്തിച്ചുവരുന്നു. ഇതോടൊപ്പം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) അംഗീകാരമുള്ള റിമോട്ട് പൈലറ്റ് പരിശീലന സ്ഥാപനമായ ഫ്യൂസ്ലേജ് ഫ്ലയിങ് ക്ലബ്ബും എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്നു.
ട്രൈബൽ സെക്ടറിലെ കാർഷിക വികസനം, സാങ്കേതിക ശാക്തീകരണം, പുതിയ തൊഴിലവസരങ്ങൾ, സംരംഭകത്വ സാധ്യതകൾ എന്നിവയ്ക്ക് ആധുനിക ഡ്രോൺ സാങ്കേതികവിദ്യയിലൂടെ പുതിയ വഴികൾ തുറക്കാനുള്ള ഫ്യൂസ്ലേജ് ഇന്നൊവേഷൻസിന്റെ തുടർച്ചയായ ശ്രമങ്ങൾക്ക് ലഭിച്ച സുപ്രധാന ദേശീയ അംഗീകാരമാണ് ഈ നേട്ടം.
Kerala-based deep-tech startup Fuselage Innovations has earned national recognition at the Tribal Business Conclave Open Grand Challenge, organised by the Ministry of Tribal Affairs, Government of India, in collaboration with Startup India.The recognition highlights Fuselage Innovations’ pioneering initiatives over the past six years in the tribal sector, particularly its use of agricultural drone technology, as well as its future plans to improve livelihood opportunities for tribal communities.Mr. Devan Chandrasekharan, Managing Director of Fuselage Innovations, received the award from Hon’ble President of India, Smt. Droupadi Murmu, at a ceremony held at Rashtrapati Bhavan in New Delhi.

