രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും തങ്ങളുടെ ഇലക്ട്രിക് ക്യാബ് സേവനങ്ങൾ വ്യാപിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഇ.വി ടാക്സി സേവനദാതാക്കളായ ഗ്രീൻ എസ്.എം (Green SM). ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ പ്രവർത്തനാനുമതി നേടിയ കമ്പനി, നിലവിലുള്ള ഡൽഹി-എൻ.സി.ആർ, ഹൈദരാബാദ് സർവീസുകൾക്ക് പുറമെ ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്കും ഉടൻ പ്രവർത്തനം വ്യാപിപ്പിക്കും. 2026 ജൂണിൽ വിൻഫാസ്റ്റ് ലിമോ ഗ്രീൻ (VinFast Limo Green) ഇലക്ട്രിക് വാഹനങ്ങളുമായി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ കമ്പനി, ആദ്യ അഞ്ച് മാസത്തിനുള്ളിൽ 15 ലക്ഷത്തിലധികം യാത്രകൾ പൂർത്തിയാക്കിയിട്ടുണ്ട്.

അതേസമയം, കിലോമീറ്ററിന് 8 രൂപ മാത്രമാണ് കമ്പനി ഈടാക്കുന്നതെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഗ്രീൻ എസ്.എം വ്യക്തമാക്കി. അതാത് സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുള്ള യാത്രാനിരക്കുകളും ഗതാഗത നിയമങ്ങളും കർശനമായി പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും, ബുക്കിങ് സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ കൃത്യമായ നിരക്ക് ആപ്പിൽ കാണാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു. വിപുലീകരണത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രാദേശിക ഡ്രൈവർമാർക്ക് മികച്ച വരുമാനവും പരിശീലനവും ക്ഷേമപദ്ധതികളും ഉറപ്പാക്കുന്നതിനൊപ്പം പ്രധാന വിമാനത്താവളങ്ങളിൽ പ്രത്യേക പിക്കപ്പ് സോണുകൾ സജ്ജമാക്കാനും കമ്പനി ലക്ഷ്യമിടുന്നു.
EV taxi service Green SM announces expansion into six Indian states and UTs, including Bengaluru and Chennai, using VinFast Limo Green electric vehicles.

