രാജ്യത്തെ ഉപഗ്രഹ വാർത്താവിനിമയ (സാറ്റലൈറ്റ് ബ്രോഡ്ബാൻഡ്) ശൃംഖലയുടെ പൂർണ നിയന്ത്രണവും അടിയന്തര സാഹചര്യങ്ങളിൽ സേവനങ്ങൾ വിച്ഛേദിക്കാനുള്ള ‘കിൽ സ്വിച്ചും’ ഇന്ത്യയുടെ കൈവശം തന്നെ വേണമെന്ന് ഭാരതി എയർടെൽ സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് (Starlink), റിലയൻസ് ജിയോ, ഭാരതിയുടെ പിന്തുണയുള്ള യൂട്ടെൽസാറ്റ് വൺവെബ് (Eutelsat OneWeb) എന്നീ കമ്പനികൾ ഇന്ത്യയിൽ വാണിജ്യ സേവനങ്ങൾക്കുള്ള അന്തിമ അനുമതിക്കായി കാത്തുനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യസുരക്ഷയും വിദേശ ആശ്രിതത്വവും
ഭാരതി എന്റർപ്രൈസസിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് പി.ടി.ഐക്ക് (PTI) നൽകിയ അഭിമുഖത്തിലാണ് മിത്തൽ നിലപാട് വ്യക്തമാക്കിയത്. ഡ്രോണുകൾ, സൈബർ പ്രതിരോധം, മിസൈലുകൾ എന്നിവയെല്ലാം ഭാവിയിൽ ബഹിരാകാശത്ത് നിന്നായിരിക്കും നിയന്ത്രിക്കപ്പെടുക. അതിനാൽ ഉപഗ്രഹ ശൃംഖലകൾ രാജ്യസുരക്ഷയുടെ നിർണായക ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരൊറ്റ കമ്പനിയെയോ രാജ്യത്തെയോ മാത്രം ആശ്രയിക്കുന്നത് യുദ്ധസമയത്തോ നയതന്ത്ര തർക്കങ്ങളിലോ വലിയ അപകടമുണ്ടാക്കും. യുക്രെയ്ൻ യുദ്ധത്തിൽ സ്റ്റാർലിങ്കിന് പുറമെ വൺവെബ് സേവനങ്ങളും ഉപയോഗിക്കേണ്ടി വന്നത് ഇതിന് ഉദാഹരണമാണ്. ഇന്ത്യയിലേക്കുള്ള എല്ലാ ഉപഗ്രഹ ആശയവിനിമയങ്ങളും രാജ്യത്തെ ഗേറ്റ്വേകൾ വഴി കടന്നുപോകണമെന്നും നിരീക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു-അദ്ദേഹം പറഞ്ഞു
Bharti Airtel Chairman Sunil Mittal warns against relying on foreign satellite broadband networks, advocating for India’s control over satellite ‘kill switches.’

