മഹാരാഷ്ട്രയിലെ 1,500 മെഗാവാട്ട് താരളി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയുടെ (Tarali PSP) നിർമാണച്ചെലവ് കുറച്ചുകാട്ടി നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെന്ന ആരോപണം തള്ളി അദാനി ഗ്രൂപ്പ്. തങ്ങളുടെ പുനരുപയോഗ ഊർജ വിഭാഗമായ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) സമർപ്പിച്ച ഓൺലൈൻ അപേക്ഷയിലെ കണക്കുകൾ പ്രാഥമിക സ്ഥലപരിശോധനയ്ക്കും സർവേയ്ക്കും മാത്രമുള്ളതാണെന്ന് ഗ്രൂപ്പ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

പദ്ധതിയുടെ ആകെ ചെലവായ 5,675 കോടി രൂപ സംസ്ഥാന വന്യജീവി ബോർഡ് (SBWL) പരിഗണിച്ചിട്ടുള്ളതാണ്. എന്നാൽ സ്ഥലപരിശോധനയ്ക്ക് മാത്രമായുള്ള ഓൺലൈൻ അപേക്ഷയിൽ, ആകെ ചെലവിന്റെ ഒരു ശതമാനമായ 56.75 കോടി രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് പ്രാഥമിക സർവേ ചെലവ് മാത്രമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി ചെലവ് 5,675 കോടിയിൽ നിന്ന് 56.75 കോടിയായി കുറച്ചുകാട്ടിയതിലൂടെ സഹ്യാദ്രി കടുവ സങ്കേതത്തിന് നൽകേണ്ട നിർബന്ധിത വന്യജീവി സംരക്ഷണ വിഹിതം 227 കോടി രൂപയിൽ നിന്ന് 2.27 കോടിയായി കുറഞ്ഞുവെന്നും, ഇതിനെതിരെ കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടെന്നും ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് കമ്പനിയുടെ വിശദീകരണം.
താരളി പദ്ധതി പൂർണമായും സ്വകാര്യ, വനേതര ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും കൊയ്ന വന്യജീവി സങ്കേതത്തിൽ നിന്ന് 3.2 കിലോമീറ്റർ അകലെയാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. സഹ്യാദ്രി കടുവ സങ്കേതത്തിന്റെ ബഫർ സോണിന് പുറത്താണിത്. പദ്ധതിക്കായി ഒരു തരത്തിലുള്ള സംരക്ഷിത വനഭൂമിയോ പരിസ്ഥിതി ലോല പ്രദേശമോ ഏറ്റെടുക്കുന്നില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.
Adani Group clarifies that ₹56.75 crore in the Tarali PSP application covers initial survey costs only, rejecting allegations of underreporting project expenses

