സംസ്ഥാനത്ത് അപകടനിരക്ക് കുറയ്ക്കുന്നതിനായി പുതിയ ഡ്രൈവിങ് സംസ്കാരം അനിവാര്യമാണെന്നും അടുത്ത ആറു മാസത്തേക്ക് ഗതാഗത നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള റോഡ് സേഫ്റ്റി മിഷന്റെ ‘ജീവ-സുയാത്ര മിഷൻ’ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിയമം ലംഘിക്കുന്നവരുടെ സ്വാധീനത്തിന് വഴങ്ങാതെ മോട്ടോർ വാഹന വകുപ്പും പൊലീസും കർശനമായി ഇടപെടണമെന്നും, ഗൾഫ് രാജ്യങ്ങളിലേതുപോലെ കടുത്ത ശിക്ഷാനടപടികൾ ഉറപ്പാക്കിയാൽ മാത്രമേ അപകടങ്ങൾ കുറയ്ക്കാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവർഷം ഏകദേശം 4,000 പേർ വാഹനാപകടങ്ങളിൽ മരിക്കുന്ന സാഹചര്യം മാറണമെന്നും അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇത് പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഗതാഗത മന്ത്രി സി.പി. ജോൺ ചടങ്ങിൽ വ്യക്തമാക്കി.

ജീവ-സുയാത്ര മിഷന്റെ ബ്രാൻഡ് അംബാസഡറായ നടൻ മമ്മൂട്ടി, അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവരോട് ആഹ്വാനം ചെയ്തു. റോഡിലെ തിരക്ക് കണക്കിലെടുത്ത് ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കണമെന്നും നടപ്പാതകൾ കാൽനടയാത്രക്കാർക്കായി വീണ്ടെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോധവൽക്കരണത്തിന്റെ ഭാഗമായി മമ്മൂട്ടിയുടെ പ്രശസ്ത സിനിമാ ഡയലോഗുകൾ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പരസ്യബോർഡുകൾ കൊച്ചി മെട്രോ തൂണുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ‘സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം… ഒപ്പം റോഡ് സെൻസും വേണം’, ‘കളി റോഡിൽ അല്ല അച്ചായാ… റോഡ് റേസ് ട്രാക്കല്ല’, ‘സ്നേഹം കാണിക്കാനായി വണ്ടി ഓടിക്കാൻ കൊടുത്തേക്കല്ലേ’ തുടങ്ങിയ ശ്രദ്ധേയമായ വാചകങ്ങളിലൂടെയാണ് പൊതുജനങ്ങളിൽ റോഡ് സുരക്ഷാ അവബോധം വളർത്തുന്നത്
Kerala launches ‘Jeeva-Suyathra Mission’ to curb road accidents. Brand Ambassador actor Mammootty calls for responsible driving as MVD installs metro pillar ads.

