ലഡാക്കിലേക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ ഉൾപ്പെടുന്ന പുതിയ പാതയ്ക്കുള്ള പദ്ധതി രേഖ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ. 1.31 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 489 കിലോമീറ്റർ ദൈർഘ്യമുള്ള ബിലാസ്പൂർ-മണാലി-ലേഖ് ബ്രോഡ്-ഗേജ് പാതയുടെ ഭാഗമായാണ് ഈ റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നത്. ലഡാക്കിലെ ടങ്ലങ് ലാ ചുരത്തിന് താഴെ 17,244 അടി (5,256 മീറ്റർ) ഉയരത്തിലാണ് സ്റ്റേഷൻ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ 5,068 മീറ്റർ ഉയരത്തിലുള്ള ചൈനയുടെ ടാംഗുല സ്റ്റേഷനാണ് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ എന്ന പദവി അലങ്കരിക്കുന്നത്. ഈ റെക്കോർഡാണ് ഇന്ത്യയുടെ പുതിയ പദ്ധതിയിലൂടെ പഴങ്കഥയാകുന്നത്.

ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ നിന്ന് ആരംഭിച്ച് സുന്ദർനഗർ, മണ്ഡി, മണാലി, കെയ്ലോങ്, സർച്ചു, പാങ്, റുംത്സെ, ഉപ്ഷി വഴി ലേയിലെത്തുന്നതാണ് ഈ പാത. അതീവ ദുഷ്കരമായ ഹിമാലയൻ മലനിരകൾ, ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങൾ,സബ് സീറോ താപനില എന്നിവ കണക്കിലെടുത്ത് പാതയുടെ ഏകദേശം 270 കിലോമീറ്ററും തുരങ്കങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പ്രതികൂല കാലാവസ്ഥയിലും സൈന്യത്തിന് ആയുധങ്ങളും ഇന്ധനവും വേഗത്തിൽ എത്തിക്കാനും പ്രദേശത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ഈ ഓൾ-വെതർ റെയിൽ ലിങ്ക് നിർണായകമാകും. സർവേയും വിശദമായ പദ്ധതി രേഖയും (DPR) പൂർത്തിയായിട്ടുണ്ടെങ്കിലും പദ്ധതിക്ക് ഇതുവരെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്നും നിർമാണ സമയപരിധി പ്രഖ്യാപിച്ചിട്ടില്ലെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
India plans to build the world’s highest railway station in Ladakh at 17,244 feet under the ₹1.31 lakh crore Bilaspur-Leh broad-gauge rail project, surpassing China’s Tanggula station.
