ഇന്ത്യയിൽ തദ്ദേശീയമായി സംയോജിപ്പിച്ച ആദ്യത്തെ അവ്റോ എച്ച്.എസ്-748 (Avro HS-748) ഗതാഗത വിമാനം ആദ്യ പറക്കലിന്റെ 65 വർഷം പൂർത്തിയാക്കി. 1961 നവംബർ ഒന്നിന് കാൺപൂരിലെ വ്യോമസേനയുടെ എയർക്രാഫ്റ്റ് മാനുഫാക്ചറിങ് ഡിപ്പോയിൽ നിന്ന് എയർ വൈസ് മാർഷൽ ഹർജീന്ദർ സിംഗിന്റെ നേതൃത്വത്തിലാണ് ‘സുബ്രതോ’ എന്ന് പേരിട്ട ഈ വിമാനം ആദ്യമായി പറന്നുയർന്നത്. പഴയ ഡക്കോട്ട വിമാനങ്ങൾക്ക് പകരമായി ബ്രിട്ടീഷ് ലൈസൻസോടെ വ്യോമസേന നിർമ്മിച്ച ഈ വിമാനത്തിന്റെ നിർമ്മാണ ചുമതല 1964-ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (HAL) കൈമാറുകയായിരുന്നു.

കഴിഞ്ഞ ആറര പതിറ്റാണ്ടിനിടെ വ്യോമസേനയുടെ ഗതാഗതം, പരിശീലനം, വാർത്താവിനിമയം എന്നിവയ്ക്ക് പുറമെ ഇന്ത്യൻ എയർലൈൻസ് ഉൾപ്പെടെയുള്ള സിവിലിയൻ മേഖലകളിലും ഈ വിമാനം നിർണ്ണായക പങ്കുവഹിച്ചു. ഇതുവരെ ഏകദേശം 10 ലക്ഷം മണിക്കൂർ പറക്കൽ പൂർത്തിയാക്കിയ ഈ വിമാനത്തിന്റെ ചരിത്രം വിവരിക്കുന്ന ‘അവ്റോ എച്ച്.എസ്-748: എ ലെജൻഡ് സ്റ്റിൽ അഫ്ലോട്ട് അറ്റ് 65’ എന്ന പുസ്തകം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്നുണ്ട്. വ്യോമസേനയുടെ നിറങ്ങളിൽ പുതുക്കിപ്പണിത ആദ്യ വിമാനമായ BH-572 നിലവിൽ എച്ച്.എ.എല്ലിന്റെ കോർപ്പറേറ്റ് വിമാനമായി സേവനമനുഷ്ഠിക്കുന്നു.
India’s first indigenously assembled Avro HS-748 transport aircraft marks 65 years since its maiden flight. Explore its history, service in the Indian Air Force, and HAL legacy.

