ഇന്ത്യയുടെ പുനരുപയോഗ ഊർജ സാങ്കേതികവിദ്യാ നിർമ്മാണരംഗത്ത് പുതിയ നേട്ടവുമായി അദാനി ഗ്രൂപ്പ്. രാജ്യത്ത് ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും നീളമുള്ള 91.2 മീറ്റർ ഓൺഷോർ വിൻഡ് ടർബൈൻ ബ്ലേഡുകളുടെ ഉൽപ്പാദനം അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ANIL) ആരംഭിച്ചു.

ഗുജറാത്തിലെ മുന്ദ്രയിലുള്ള കമ്പനിയുടെ സംയോജിത നിർമ്മാണ കേന്ദ്രത്തിലാണ് പുതിയ ബ്ലേഡുകൾ നിർമ്മിക്കുന്നത്. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് അദാനി ന്യൂ ഇൻഡസ്ട്രീസ്.ഇതോടൊപ്പം കമ്പനിയുടെ 5 മെഗാവാട്ട് ശേഷിയുള്ള MWL185-5.0 MW വിൻഡ് ടർബൈൻ പ്ലാറ്റ്ഫോമിന് അന്താരാഷ്ട്ര സർട്ടിഫിക്കേഷനും ലഭിച്ചു. ഇതോടെ ടർബൈനുകളുടെ തുടർച്ചയായ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് വഴിയൊരുങ്ങിയതായി കമ്പനി അറിയിച്ചു.
91.2 മീറ്റർ നീളമുള്ള പുതിയ ബ്ലേഡുകളാണ് അദാനി വിൻഡിന്റെ ഏറ്റവും പുതിയ സാങ്കേതിക നേട്ടം. MWL185-5.0 MW ടർബൈൻ പ്ലാറ്റ്ഫോമിനായി പ്രത്യേകം വികസിപ്പിച്ച ബ്ലേഡുകളാണിവ. ഈ ടർബൈനിന്റെ റോട്ടർ വ്യാസം 185 മീറ്ററാണ്. ടർബൈനിന്റെ ഹബ് ഉയരം 140 മീറ്ററാണ്.
ബ്ലേഡുകൾ കറങ്ങുമ്പോൾ ഏകദേശം 26,600 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്തിലൂടെ കടന്നുപോകുന്നു. ഇത് മൂന്നരയിലധികം സാധാരണ ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിക്ക് തുല്യമാണ്. കൂടുതൽ വലിയ റോട്ടർ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ കാറ്റിൽനിന്ന് ഊർജം സ്വീകരിക്കാൻ ടർബൈനിന് സാധിക്കും. പ്രത്യേകിച്ച് കാറ്റിന്റെ വേഗത കുറവുള്ളതും ഇടത്തരത്തിലുള്ളതുമായ പ്രദേശങ്ങളിൽ വൈദ്യുതി ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. MWL185-5.0 MW പ്ലാറ്റ്ഫോം വ്യത്യസ്ത കാറ്റിന്റെ വേഗതകളിൽ കൂടുതൽ സ്ഥിരതയുള്ള വൈദ്യുതി ഉൽപ്പാദനം ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അദാനി വിൻഡിന്റെ MWL185-5.0 MW ടർബൈൻ പ്ലാറ്റ്ഫോമിന് ജർമനിയിലെ സ്വതന്ത്ര പരിശോധനാ-സർട്ടിഫിക്കേഷൻ സ്ഥാപനമായ WindGuard Certification GmbH അംഗീകാരം നൽകി. ഗുജറാത്തിലെ മുന്ദ്രയിൽ സ്ഥാപിച്ച പ്രോട്ടോടൈപ്പ് ടർബൈനിൽ നടത്തിയ പരിശോധനകൾക്കുശേഷമാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ജർമൻ സാങ്കേതിക പങ്കാളിയായ W2E (Wind to Energy) യുമായി സഹകരിച്ചാണ് ടർബൈൻ പ്ലാറ്റ്ഫോം വികസിപ്പിച്ചത്.
വിൻഡ് ടർബൈനുകളുടെ രൂപകൽപ്പന, പരിശോധന, നിർമ്മാണം എന്നിവയ്ക്കുള്ള അന്താരാഷ്ട്ര IEC 61400 മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് സർട്ടിഫിക്കേഷൻ സ്ഥിരീകരിക്കുന്നു.പുതിയ സർട്ടിഫിക്കേഷൻ ലഭിച്ചതോടെ 5 MW ടർബൈൻ പ്ലാറ്റ്ഫോമിന്റെ സീരിയൽ പ്രൊഡക്ഷൻ ആരംഭിക്കുന്നതിനുള്ള പ്രധാന സാങ്കേതിക ഘട്ടം കമ്പനി പൂർത്തിയാക്കി.
അദാനി വിൻഡിന്റെ മുന്ദ്ര നിർമ്മാണ കേന്ദ്രത്തിൽ നിലവിൽ 78.6 മീറ്റർ, 80.5 മീറ്റർ നീളമുള്ള ടർബൈൻ ബ്ലേഡുകൾ നിർമ്മിക്കുന്നുണ്ട്.
ഇതിൽനിന്ന് 91.2 മീറ്റർ ബ്ലേഡുകളിലേക്കുള്ള വളർച്ച ബ്ലേഡ് ഡിസൈൻ, മെറ്റീരിയൽസ് എൻജിനീയറിങ്, നിർമ്മാണ കൃത്യത, വലിയ ഘടകങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി തുടങ്ങിയ മേഖലകളിലെ പുരോഗതിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു.വലിയ ശേഷിയുള്ള അടുത്ത തലമുറ വിൻഡ് ടർബൈനുകൾക്കാവശ്യമായ ഘടകങ്ങൾ ഇന്ത്യയിൽത്തന്നെ നിർമ്മിക്കാനുള്ള ശേഷി വികസിപ്പിക്കുന്നതിലും ഈ നേട്ടം പ്രധാനമാണ്.ഇന്ത്യയിലെ കാറ്റാടി വൈദ്യുതി ഉൽപ്പാദന മേഖലയുടെ വികസനത്തിന് വലിയ ശേഷിയുള്ള ടർബൈനുകൾ നിർണായകമാണെന്ന് അദാനി വിൻഡ് സിഇഒ മിലിന്ദ് കുൽക്കർണി വ്യക്തമാക്കി.ഇന്ത്യയിലെ ഏറ്റവും നീളമുള്ള ടർബൈൻ ബ്ലേഡ് നിർമ്മിക്കുന്നതും 5 MW പ്ലാറ്റ്ഫോമിന് സർട്ടിഫിക്കേഷൻ ലഭിക്കുന്നതും കമ്പനിക്കും രാജ്യത്തെ കാറ്റാടി നിർമ്മാണ മേഖലയ്ക്കും സുപ്രധാന നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വർധിച്ചുവരുന്ന ശുദ്ധ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നൂതന കാറ്റാടി സാങ്കേതികവിദ്യകൾ രാജ്യത്ത് വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും കുൽക്കർണി വ്യക്തമാക്കി.
Adani New Industries Limited has begun manufacturing India’s longest onshore wind turbine blades, measuring 91.2 metres, at its Mundra facility in Gujarat. Designed for the company’s 5 MW MWL185-5.0 wind turbine platform, the blades will operate with a 185-metre rotor diameter and a 140-metre hub height, covering a swept area of approximately 26,600 square metres. The platform has received international certification from Germany’s WindGuard Certification GmbH, paving the way for serial production. According to the company, the advanced technology will improve energy generation efficiency, particularly in regions with low to moderate wind speeds, marking a significant milestone in India’s renewable energy manufacturing capabilities.

