അന്താരാഷ്ട്ര കയറ്റുമതി വിപണി ലക്ഷ്യമിട്ട് തങ്ങളുടെ ‘ടോർ-എം2കെഎം’ (Tor-M2KM) ഹ്രസ്വദൂര വ്യോമപ്രതിരോധ മിസൈൽ സംവിധാനം തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ പ്രതിരോധ പങ്കാളികളെ തേടി റഷ്യ. സ്വന്തം ആവശ്യത്തിനായി ഈ മിസൈൽ സംവിധാനം നേരിട്ട് വാങ്ങാൻ ഇന്ത്യ ഇതുവരെ താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും, ഇന്ത്യൻ സ്വകാര്യ മേഖലയിലെ പങ്കാളികളുടെ സഹായത്തോടെ നിർമ്മാണം നടത്തി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് റഷ്യ ലക്ഷ്യമിടുന്നത്. ഇന്ത്യ വാങ്ങാൻ സാധ്യതയുള്ള പാന്ത്സിർ-എസ്1 (Pantsir-S1) വ്യോമപ്രതിരോധ സംവിധാനം നിർമ്മിക്കാൻ തിരഞ്ഞെടുക്കുന്ന അതേ സ്വകാര്യ കമ്പനിയെത്തന്നെ ടോർ-എം2കെഎം നിർമ്മാണത്തിനും ചുമതലപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവ രണ്ടും വ്യത്യസ്ത റഷ്യൻ കമ്പനികൾ നിർമ്മിക്കുന്നവയായതിനാൽ ഒരേ ഇന്ത്യൻ പങ്കാളിയെ ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അൽമാസ്-ആന്റെ (Almaz-Antey) നിർമ്മിക്കുന്ന ടോർ-എം2കെഎം സംവിധാനത്തിന് യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ അതീവ കൃത്യതയോടെ തകർക്കാൻ ശേഷിയുണ്ട്. ഒരേസമയം 144 ലക്ഷ്യങ്ങളെ കണ്ടെത്താനും അതിൽ ഏറ്റവും അപകടകരമായ 14 എണ്ണത്തെ നിരീക്ഷിച്ച് നാലെണ്ണത്തെ ഒരേസമയം തകർക്കാനും ഇതിലെ അത്യാധുനിക റഡാറുകൾക്ക് സാധിക്കും. ഇന്ത്യൻ കമ്പനിയായ ടാറ്റ മോട്ടോഴ്സിന്റെ ഷാസിയിൽ ഘടിപ്പിച്ച ടോർ-എം2കെഎം മിസൈൽ സംവിധാനം 2013-ലും 2014-ലും റഷ്യയിൽ നടന്ന പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു
Russia is looking for Indian defense partners to locally manufacture its Tor-M2KM air defense missile system aimed at international export markets.

