പശ്ചിമ ബംഗാളിലെ സിംഗൂരിൽ അശോക് ലെയ്ലാൻഡിന്റെ ട്രക്ക് നിർമ്മാണശാല ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ. 2008-ൽ ടാറ്റ മോട്ടോഴ്സ് നാനോ കാർ ഫാക്ടറി പദ്ധതി ഉപേക്ഷിച്ച പ്രദേശത്താണ് പുതിയ വ്യവസായ നിക്ഷേപത്തിന് നീക്കം. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

പശ്ചിമ ബംഗാളിലെ സിംഗൂരിൽ പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്ലാൻഡ് ട്രക്ക് നിർമ്മാണശാല സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ. ടാറ്റ മോട്ടോഴ്സ് നാനോ കാർ ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് 18 വർഷത്തിനുശേഷമാണ് സിംഗൂരിൽ മറ്റൊരു പ്രമുഖ വാഹന നിർമ്മാണ കമ്പനിയുടെ നിക്ഷേപ സാധ്യത ഉയരുന്നത്.
ഐഐടി ഖരഗ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ പ്രഖ്യാപനം നടത്തിയത്.
സിംഗൂരിൽ വീണ്ടും വ്യവസായങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അശോക് ലെയ്ലാൻഡിന്റെ ഹെവി വെഹിക്കിൾ നിർമ്മാണശാലയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സിംഗൂരിൽ ഹെവി വെഹിക്കിൾ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അശോക് ലെയ്ലാൻഡുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നവംബർ അഞ്ചിന് അറിയിച്ചിരുന്നു.
നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് സർക്കാർ മുൻഗണന നൽകുകയെന്നും പ്രഖ്യാപനങ്ങൾക്കുവേണ്ടി മാത്രം നിക്ഷേപ ധാരണാപത്രങ്ങൾ ഒപ്പിടുന്ന സമീപനം സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, നിർദിഷ്ട ട്രക്ക് പ്ലാന്റിന്റെ നിക്ഷേപത്തുക, ഉൽപ്പാദനശേഷി, തൊഴിലവസരങ്ങൾ, നിർമ്മാണ സമയക്രമം എന്നിവ സംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇന്ത്യയുടെ വ്യവസായ-രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള പ്രദേശമാണ് സിംഗൂർ.2006-ൽ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ ടാറ്റ മോട്ടോഴ്സിന്റെ നാനോ കാർ നിർമ്മാണശാലയ്ക്കായി ഏകദേശം 997 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാൽ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവ് മമത ബാനർജിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു.
നീണ്ടുനിന്ന ഭൂമിയേറ്റെടുക്കൽ സമരത്തെത്തുടർന്ന് 2008-ൽ ടാറ്റ മോട്ടോഴ്സ് സിംഗൂരിലെ നാനോ പദ്ധതി ഉപേക്ഷിച്ചു. തുടർന്ന് പദ്ധതി ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റുകയായിരുന്നു.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തി. ഇതോടെ സംസ്ഥാനത്ത് 34 വർഷം നീണ്ട ഇടതുമുന്നണി ഭരണം അവസാനിച്ചു.പിന്നീട് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭൂമിയേറ്റെടുക്കലിന് സമ്മതിക്കാതിരുന്ന കർഷകർക്ക് ഭൂമി തിരികെ നൽകുകയും ഉപേക്ഷിക്കപ്പെട്ട ഫാക്ടറിയുടെ നിർമ്മിതികൾ നീക്കം ചെയ്യുകയും ചെയ്തു.
ടാറ്റ നാനോ പദ്ധതിയുടെ പിൻവാങ്ങലിലൂടെ രാജ്യവ്യാപകമായി ശ്രദ്ധ നേടിയ സിംഗൂരിനെ വീണ്ടും വ്യവസായ ഭൂപടത്തിൽ എത്തിക്കാനുള്ള നീക്കമായാണ് അശോക് ലെയ്ലാൻഡ് പദ്ധതിയെ സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്നത്. വലിയ വാഹന നിർമ്മാണ യൂണിറ്റ് യാഥാർഥ്യമായാൽ അനുബന്ധ വാഹനഘടക നിർമ്മാണം, വിതരണ ശൃംഖല, ലോജിസ്റ്റിക്സ്, സേവന മേഖലകൾ എന്നിവയ്ക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനാകും.
പശ്ചിമ ബംഗാൾ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ് ഭൂമി വാങ്ങുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്. ന്യായമായ വിലയ്ക്ക് ഭൂമി വാങ്ങുന്നതിനാണ് ശ്രമമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.എന്നാൽ ഈ ഭൂമി അശോക് ലെയ്ലാൻഡിന്റെ നിർദിഷ്ട ട്രക്ക് പ്ലാന്റിനായി ഉപയോഗിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.അശോക് ലെയ്ലാൻഡ് പുതിയ ഗ്രീൻഫീൽഡ് നിർമ്മാണശാലയ്ക്കുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നതായി നവംബർ 16-ലെ നിക്ഷേപക ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആ പദ്ധതിയുടെ സ്ഥലം സിംഗൂരാണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷമുള്ള കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം, നിക്ഷേപ തീരുമാനം, ഭൂമിയുമായി ബന്ധപ്പെട്ട നടപടികൾ എന്നിവയാണ് ഇനി നിർണായകമാകുക.
18 വർഷം മുമ്പ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ വ്യവസായ വിവാദങ്ങളിലൊന്നിന് വേദിയായ സിംഗൂരിൽ പുതിയ വാഹന നിർമ്മാണശാല യാഥാർഥ്യമായാൽ അത് പശ്ചിമ ബംഗാളിന്റെ വ്യവസായ വികസനത്തിൽ പ്രധാന സംഭവമാകും.
Union Minister Sukanta Majumdar has announced plans to establish an Ashok Leyland truck manufacturing plant in Singur, West Bengal, where Tata Motors abandoned its Nano car factory project in 2008 following protests over land acquisition. The state government had earlier confirmed preliminary discussions regarding the proposed investment. However, details about the investment amount, employment opportunities, and construction timeline are yet to be announced.

