ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ മേഖലയ്ക്ക് നിർണായക നേട്ടമായി, രാജ്യത്തെ ആദ്യത്തെ സ്വയംനിയന്ത്രിത ആന്റി-ഡ്രോൺ മൈക്രോ-മിസൈൽ സംവിധാനമായ ‘ജ്വാല എംകെ-1’ (JWALA MK-1) വിജയകരമായി പരീക്ഷിച്ചു. രാജസ്ഥാനിലെ പൊഖ്റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലായിരുന്നു പരീക്ഷണം. പ്രമുഖ പ്രതിരോധ സാങ്കേതിക സ്ഥാപനമായ ഐജി ഡിഫൻസ് (IG Defence) വികസിപ്പിച്ചെടുത്ത ഈ സംവിധാനത്തിന് അഞ്ച് കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ശത്രു ഡ്രോണുകളെ കൃത്യമായി തിരിച്ചറിയാനും ആകാശത്തുവെച്ച് തന്നെ നിർവീര്യമാക്കാനും സാധിക്കും. ആധുനിക യുദ്ധമുഖങ്ങളിൽ കുറഞ്ഞ ചെലവിലുള്ള ആക്രമണ ഡ്രോണുകൾ ഉയർത്തുന്ന ഭീഷണിയെ ചെലവേറിയ പരമ്പരാഗത വ്യോമപ്രതിരോധ മിസൈലുകൾ ഉപയോഗിച്ച് നേരിടുന്നതിലെ സാമ്പത്തിക വെല്ലുവിളികൾക്ക് പരിഹാരമായാണ് ഈ തദ്ദേശീയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഐജി ഡിഫൻസിന്റെ നിർമ്മിത ബുദ്ധിയിൽ (AI) അധിഷ്ഠിതമായ ‘ഗ്രിഡ്’ (GRID) എന്ന മിഷൻ ഓട്ടോണമി ആൻഡ് ബാറ്റിൽ മാനേജ്മെന്റ് സിസ്റ്റവുമായി സംയോജിപ്പിച്ചാണ് ജ്വാല എംകെ-1 പ്രവർത്തിക്കുന്നത്. സെൻസറുകളുടെ ഏകോപനം, ലക്ഷ്യം കണ്ടെത്തൽ, ശത്രു ഡ്രോണുകളെ തരംതിരിക്കൽ, ആക്രമണ തീരുമാനം എടുക്കൽ എന്നിവയെല്ലാം ഗ്രിഡിന്റെ സഹായത്തോടെ സ്വയംനിയന്ത്രിതമായി നടക്കുന്നു. ഭാവിയിലെ യുദ്ധമുഖങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഹാർഡ്വെയറും സോഫ്റ്റ്വെയറും ഒരുമിച്ച് തദ്ദേശീയമായി വികസിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐജി ഡിഫൻസ് സ്ഥാപകനും സിഇഒയുമായ ബോധിസത്വ സംഘപ്രിയ വ്യക്തമാക്കി.
India successfully tests JWALA MK-1, its first indigenous AI-powered autonomous counter-drone micro-missile system developed by IG Defence at Pokhran.
