ഉന്നതവിദ്യാഭ്യാസം, സാങ്കേതികവിദ്യ, ശേഷി വികസനം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നേപ്പാളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ.ഐ.ടി) വിദേശ ക്യാമ്പസ് സ്ഥാപിക്കാൻ ഇന്ത്യ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനമുണ്ടായിരുന്നു. നേപ്പാളിലെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ ക്യാമ്പസ് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

‘വികസിത ഭാരതം, സമുന്നത നേപ്പാൾ’ എന്ന സംയുക്ത വികസന കാഴ്ചപ്പാട് രേഖയുടെ ഭാഗമായാണ് ഈ സുപ്രധാന നീക്കം. സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ സേവനങ്ങൾ, സാമ്പത്തിക വിനിമയം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലൂന്നി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ നേതാക്കൾ ധാരണയായിരുന്നു.
സന്ദർശന വേളയിൽ അക്കാദമിക്-ഗവേഷണ സഹകരണത്തിനായി ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയും നേപ്പാൾ പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും തമ്മിലും, രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റിയും നേപ്പാൾ നാഷണൽ പോലീസ് അക്കാദമിയും തമ്മിലും ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഇതിനുപുറമെ, അടിസ്ഥാന സൗകര്യ വികസനം, ദുരന്താനന്തര പുനർനിർമ്മാണം എന്നിവയ്ക്കായുള്ള 3,500 കോടി രൂപയുടെ ഗ്രാന്റ് ഉൾപ്പെടെ നേപ്പാളിന് 15,000 കോടി രൂപയുടെ വികസന സഹായവും ഇന്ത്യ പ്രഖ്യാപിച്ചു.
India announces a new IIT campus in Nepal, signs forensic & police training MOUs, and offers ₹15,000 crore in overall development assistance.

