സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ നിന്നും ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്കായി മികച്ച സംഭാവനകള്‍ ലഭിക്കുന്ന വേളയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ജല ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന സങ്കല്‍പ റൂറല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റിയും അവര്‍ നടത്തുന്ന ബോര്‍വെല്‍ റീച്ചാര്‍ജ്ജ്, റൂഫ് വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, പ്യൂര്‍വാട്ടര്‍ എന്നീ പ്രോജക്ടുകളും. ഗ്രാമീണ മേഖലയ്ക്ക് ടെക് ഇന്നൊവേഷനുകള്‍ നല്‍കുന്ന സാധ്യതകളാണ് സങ്കല്‍പ ചൂണ്ടിക്കാട്ടുന്നത്. കുഴല്‍ കിണറുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുന്ന സാങ്കേതികവിദ്യ കൊണ്ട് 10 സംസ്ഥാനങ്ങളില്‍ നിന്നായി 18,850 കുഴല്‍ കിണറുകളില്‍ വെള്ളമെത്തിക്കാന്‍ സാധിച്ചുവെന്ന് സങ്കല്‍പയുടെ ഫൗണ്ടറായ സിക്കന്ദര്‍ മീരാനായിക്ക് പറയുന്നു.
സങ്കല്‍പ എന്ന സ്റ്റാര്‍ട്ടപ്പ് വാട്ടര്‍ റിസര്‍വേഷന് സഹായിക്കുന്നതെങ്ങനെ ? സിക്കന്ദര്‍ പറയുന്നു
‘കുഴല്‍ കിണറുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള ട്വിന്‍ റിംഗ് സംവിധാനമാണിത്. കുഴല്‍ കിണറുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നത് വഴി മഴവെള്ളം സംഭരിക്കാന്‍ സാധിക്കുന്നു. ഇത് കുറഞ്ഞ ചെലവില്‍ ചെയ്യാന്‍ സാധിക്കുന്ന ടെക്‌നോളജിയാണ്. 800 അടി വരെ ആഴമുള്ള കുഴല്‍ കിണറുകളില്‍ നിന്ന് പോലും ഇപ്പോള്‍ കൃത്യമായി വെള്ളം ലഭിക്കുന്നില്ല. ലക്ഷങ്ങള്‍ മുടക്കി ആളുകള്‍ വീണ്ടും കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുമ്പോഴും ഇതേ അവസ്ഥയാണ്. എന്നാല്‍ 30,000 രൂപ ചെലവില്‍ നിലവിലുള്ള കുഴല്‍ കിണറുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുകയാണ് സങ്കല്‍പ. ഒരു മഴക്കാലം പൂര്‍ത്തിയാകുന്നതോടെ ഇത്തരം കിണറുകളില്‍ തുടര്‍ച്ചയായി വെള്ളം ലഭിക്കും.
കിണറുകള്‍ കുഴിക്കുമ്പോള്‍ അടിയില്‍ പാറയുണ്ടെങ്കില്‍ റീച്ചാര്‍ജ്ജിംഗ് സാധ്യമാണ്. കൃഷി ചെയ്യുന്ന സ്ഥലമാണെങ്കില്‍ വാട്ടര്‍ സ്റ്റേറിംഗിന് പ്രത്യേക ഏരിയ വേണം. കുഴല്‍ കിണര്‍ ഉയരത്തിലുള്ള സ്ഥലത്താണെങ്കില്‍ റീച്ചാര്‍ജ്ജിംഗ് സാധ്യമല്ല. കുഴല്‍ കിണറിന് സമീപം എവിടെയെങ്കിലും ജലശ്രോതസ് ഉണ്ടോ എന്ന് മനസിലാക്കിയ ശേഷം കേസിംഗ് പൈപ്പ് ഉപയോഗിച്ച് ഇത്തരത്തിലുള്ള സ്ഥലത്ത് കുഴിക്കും. ഈ ഭാഗങ്ങളില്‍ ഗ്രാവല്‍ ഉപയോഗിച്ച് ഫില്‍ ചെയ്ത ശേഷം കേസിംഗ് പൈപ്പ് സ്ഥാപിച്ച ശേഷം സിമന്റ് റിംഗുകള്‍ ഇതില്‍ സ്ഥാപിക്കും’.
‘അഞ്ചു റിംഗുകള്‍ ഒന്നിലും മറ്റൊന്ന് സമീപത്ത് കുഴിച്ച കിണറിലും സ്ഥാപിക്കും. ഇതിന് ശേഷം സമീപമുള്ള ജലശ്രോതസില്‍ നിന്നും പൈപ് ലൈന്‍ ആദ്യ റിംഗില്‍ കണക്ട് ചെയ്യും. ആദ്യ കിണര്‍ ഫില്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ കിണര്‍ വെള്ളം ഫില്‍ട്ടര്‍ ചെയ്യും. കിണറുകളില്‍ വെള്ളം എത്തിത്തുടങ്ങുമ്പോള്‍ ശബ്ദം കേള്‍ക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 തവണ വരെ ഫില്‍ ചെയ്ത ശേഷമാണ് കിണറില്‍ കൃത്യമായി വെള്ളം വരിക. വളരെ സിംപിളായ ടെക്‌നോളജിയാണിത്. കുഴല്‍ കിണറുകള്‍ സ്ഥാപിക്കുമ്പോള്‍ പെര്‍ ഫീറ്റ് 300 രൂപ വീതം നല്‍കണം. സങ്കല്‍പ വഴി 30,000 രൂപ മുതല്‍മുടക്കില്‍ ഗ്യാരണ്ടിയോടെ കിണര്‍ റീച്ചാര്‍ജ്ജിംഗ് സാധ്യം. റീച്ചാര്‍ജ്ജിംഗിന് ആവശ്യമായ മെറ്റീരിയല്‍ ലിസ്റ്റ് ആവശ്യക്കാര്‍ക്ക് വാട്‌സാപ്പ് വഴി അയയ്ക്കും’.
‘സ്‌പോട്ടിലേക്ക് കമ്പനിയില്‍ നിന്നും ആളെത്തി രണ്ടു ദിവസം കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കും. ഞങ്ങള്‍ താമസിക്കുന്ന ഗ്രാമീണ മേഖലയിലും കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി 18850 കുഴല്‍ കിണറുകള്‍ റീച്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ഹൂബ്ലിയിലാണ് ഞങ്ങളുടെ ആസ്ഥാനം: ബംഗലൂരുവും ഓഫീസുണ്ട്. ബംഗലൂരുവിലും ഒട്ടേറെ കുഴല്‍ കിണറുകളുണ്ട്, മിക്കതും വറ്റിയ നിലയിലാണ്. വേനല്‍ക്കാലത്താണ് ഏറ്റവുമധികം വര്‍ക്കുള്ളത്’. മഴ വെള്ള സംഭംരണത്തിലേക്ക് ഏവരും ശ്രദ്ധിക്കേണ്ട സമയമാണെന്നും ഭൂഗര്‍ഭ ജലം നമ്മുടെ പൂര്‍വ്വികന്മാര്‍ നമുക്ക് തന്ന സ്വത്താണെന്ന് ഓര്‍ക്കണമെന്നും സിക്കന്ദര്‍ മീരാനായിക്ക് ഓര്‍മ്മിപ്പിക്കുന്നു.
സങ്കല്‍പയെ അറിയാം
ദേശ്പാണ്ഡേ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുത്തതിന് പിന്നാലെയാണ് സങ്കല്‍പ റൂറല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി നിര്‍മ്മിക്കാന്‍ സിക്കന്ദര്‍ മീരാനായിക്കിന് പ്രചോദനം ലഭിക്കുന്നത്. വെള്ളം വറ്റിയ കുഴല്‍ കിണറുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുക എന്ന ഉദ്ദേശത്തോടെ സിക്കന്ദര്‍ ആരംഭിച്ച സൊസൈറ്റി വഴി രാജ്യത്തെ നൂറുകണക്കിന് കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കിണര്‍ റീച്ചാര്‍ജ്ജ് ചെയ്ത് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 1000 കുഴല്‍ കിണറുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നത് വഴി 2030 ആകുമ്പോള്‍ രാജ്യത്തെ ജലദൗര്‍ലഭ്യം പൂര്‍ണമായും നീക്കണമെന്ന ലക്ഷ്യത്തിലാണ് സങ്കല്‍പ.