2016 ൽ കേന്ദ്രസർക്കാർ തുടങ്ങിയ സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി, രാജ്യത്ത് ശക്തമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനും ഇന്ത്യയിലെ സംരംഭകത്വം വർദ്ധിപ്പിക്കുന്നതിനും വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളെ സാമ്പത്തികമായി സഹായിക്കുന്നതിനും വലിയ പ്രോചോദനമായി. വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള DPIIT ക്കാണ് സ്റ്റാർട്ടപ് ഇന്ത്യയുടെ നിയന്ത്രണം. സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിൽ നൂറിലധികം സ്കീമുകളാണുളളത്. കോവിഡിനിടയിലും മുന്നോട്ട് പോകുന്ന സ്റ്റാർട്ടപ്പുകൾക്കായി സ്റ്റാർട്ടപ് ഇന്ത്യ സ്ക്കീമുകൾ പരിചയപ്പെടുത്തുന്നു.
Startup India Seed Fund 2021
ജനുവരി 16 ന് തുടക്കമിട്ട ‘സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട്’ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനും സംരംഭകരിൽ നിന്നുള്ള ആശയങ്ങൾ പിന്തുണയ്ക്കുന്നതിനുമായി 1,000 കോടി രൂപയുടെ സീഡ് ഫണ്ട് പ്രഖ്യാപിച്ചു. രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് മൂലധന ക്ഷാമം നേരിടാതിരിക്കാൻ സർക്കാരിന്റെ സുപ്രധാന നടപടിയാണ് സീഡ് ഫണ്ട് സ്കീം.
A Scheme for Promotion of Innovation, Rural Industries and Entrepreneurship അഥവാ Aspire
ഇന്ത്യൻ ജനസംഖ്യയുടെ 56% ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നതിനാൽ, ഗ്രാമീണ മേഖലയിൽ സംരംഭകത്വവും നവീകരണവും സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. തൊഴിൽ വർദ്ധിപ്പിക്കുക, ദാരിദ്ര്യം കുറയ്ക്കുക, ഗ്രാമീണ ഇന്ത്യയിലെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ആസ്പയർ പദ്ധതി ലക്ഷ്യമിടുന്നത്. അഗ്രോ-ബിസിനസ് ഇൻഡസ്ട്രിയുടെ വളർച്ചയാണ് മുഖ്യം.താഴെത്തട്ടിലുള്ള സാമ്പത്തിക വികസനം ഉയർത്താനാണ് MSME മന്ത്രാലയം ശ്രമിക്കുന്നത്.
Micro Units Development Refinance Agency അഥവാ MUDRA
വായ്പാ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയിലെ ചെറുകിട ബിസിനസുകളുടെ വളർച്ച വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് മുദ്ര ബാങ്ക്. ചെറുകിട സംരംഭങ്ങൾ, കോർപ്പറേറ്റ് ഇതര ബിസിനസുകൾ, കാർഷികേതര ചെറുകിട / മൈക്രോ സംരംഭങ്ങൾ എന്നിവയ്ക്ക് മുദ്ര ബാങ്കുകൾ 10 ലക്ഷം രൂപ വരെ സ്റ്റാർട്ടപ്പ് വായ്പ നൽകുന്നു. Tarun, Kishore, Shishu എന്നിങ്ങനെ വായ്പകളെ തരം തിരിച്ചിട്ടുണ്ട്.
Atal Incubation Centre
സംരംഭകരുടെ മൂലധന പ്രവർത്തനച്ചെലവുകൾ വഹിച്ച് അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതന ഫണ്ടിംഗ് പദ്ധതിയാണ് ഇത്. തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്ക് അഞ്ച് വർഷ കാലയളവിൽ 10 കോടി രൂപ വരെ ധനസഹായം നൽകും.ഗതാഗതം, ആരോഗ്യം,ഊർജ്ജം, വിദ്യാഭ്യാസം, കൃഷി, ജലം, ശുചിത്വം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പുതുതായി രൂപീകരിച്ച സംഘടനകൾക്കും അപേക്ഷിക്കാം.
Dairy Processing and Infrastructure Development Fund
ക്ഷീരമേഖലയിൽ സ്വയം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പാൽ ഉൽപാദനം വർദ്ധിപ്പിക്കൽ, സംഭരണം, സംരക്ഷണം, ഗതാഗതം, സംസ്കരണം, പാൽ സംസ്കരണം, വിപണനം എന്നിവ പോലുള്ള പ്രവർത്തനങ്ങൾ ആണ് ഡയറി എന്റർപ്രീനിയർഷിപ്പ് ഡെവലപ്‌മെന്റ് സ്കീം. പാൽ യൂണിയനുകൾ, മൾട്ടി-സ്റ്റേറ്റ് പാൽ സഹകരണ സ്ഥാപനങ്ങൾ, സംസ്ഥാന ക്ഷീര ഫെഡറേഷനുകൾ, പാൽ ഉൽപാദിപ്പിക്കുന്ന കമ്പനികൾ, തുടങ്ങി പദ്ധതിക്ക് കീഴിലുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവയ്ക്ക് നബാർഡിൽ നിന്ന് വായ്പയെടുക്കാം.
Credit Guarantee Fund Trust for Micro and Small Entreprises
മൈക്രോ ലെവൽ ബിസിനസുകൾ, ചെറുകിട വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് ബിസിനസ് വായ്പ നൽകുന്നതിനായി കൊണ്ടു വന്നതാണ് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ്. സീറോ കൊളാറ്ററൽ ലോണുകളാണ് ഇവ. SIDBI യുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ പുതിയ സംരംഭങ്ങൾ വളർത്തുന്നതിനും നിലവിലുള്ളവ പുനരുജ്ജീവിപ്പിക്കുന്നതിനുമായി സർക്കാർ ഈ പദ്ധതി പ്രകാരം പരമാവധി 1 കോടി രൂപ വരെ നൽകുന്നു.
NewGEN IEDC
2017 ൽ സയൻസ് & ടെക്നോളജി വകുപ്പ് New Generation Innovation And Entrepreneurship Development Centre (NewGen IEDC) പ്രോഗ്രാം അവതരിപ്പിച്ചു. അഹമ്മദാബാദിലെ Entrepreneurship Development Institute of India ആണ് പരിപാടി നടപ്പിലാക്കുന്നത്. ടെക്സ്റ്റാർട്ടപ്പുകൾക്ക് മെന്റർഷിപ്പ്, ഗൈഡൻസ്, സപ്പോർട്ട് എന്നിവ നൽകുന്നു. വിദ്യാർത്ഥികൾക്ക് അഞ്ചുവർഷം ഇന്നവേറ്റിവ് പ്രോജക്ടുകളിൽ പ്രവർത്തിക്കാൻ കഴിയുന്ന അക്കാദമിക് സ്ഥാപനങ്ങളിലാണ് NewGEN IEDC സ്ഥാപിച്ചിരിക്കുന്നത്.
MSME Market Development Assistance
സ്റ്റാർട്ടപ്പുകൾ, Micro, Small and Medium Enterprises, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് രജിസ്ട്രേഷനുളള റീട്ടെയിലർമാർക്ക് ഇന്റർനാഷണൽ ട്രേഡ് ഫെയറുകളിലൂടെയും എക്സിബിഷനുകളിലൂടെയും ലോകമെമ്പാടും ബിസിനസുകൾ വ്യാപിപ്പിക്കുന്നതിന് ഈ പദ്ധതി പ്രയോജനപ്പെടുത്താം.
Women Entrepreneurship Platform
നിതി ആയോഗ് ആരംഭിച്ച WEP ഇന്ത്യയിലുടനീളം വളർന്നുവരുന്നതും നിലവിലുള്ളതുമായ വനിതാ സംരംഭകർക്കു വേണ്ടിയുളളതാണ്. ഐഡിയേഷൻ ഘട്ടത്തിലുളള സ്ത്രീകൾക്കും പ്രവർത്തിച്ചു വരുന്നതായ സ്റ്റാർട്ടപ്പുകൾക്കും സ്കീമിൽ രജിസ്റ്റർ ചെയ്യാം. ഏതെങ്കിലും രൂപത്തിൽ സ്ത്രീകളെ പിന്തുണയ്‌ക്കുന്ന കോർപ്പറേറ്റുകൾ, NGO, ഓർഗനൈസേഷൻ, ഇൻക്യുബേറ്ററുകൾ എന്നിവക്കും അപേക്ഷിക്കാം.സ്ത്രീകൾ സ്ഥാപകരോ സഹസ്ഥാപകരോ ആയ സ്റ്റാർട്ടപ്പുകൾക്ക് WEP ഇൻകുബേഷൻ, ആക്സിലറേഷൻ പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുന്നു.
Venture Capital Scheme for Agri-Business Development
ചെറുകിട കർഷകരുടെ അഗ്രിബിസിനസ് കൺസോർഷ്യം (SFAC) ആരംഭിച്ച ഈ പദ്ധതി രാജ്യത്ത് കാർഷിക വികസനം പ്രോത്സാഹിപ്പിക്കുക, ഉൽപാദകർക്ക് ഒരു മാർക്കറ്റ് നൽകുക, കർഷകരെയും കാർഷിക ബിരുദധാരികളെയും അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുക എന്നത് ലക്ഷ്യമിടുന്നു. വ്യക്തികൾ, കർഷകർ, ഉല്പാദക ഗ്രൂപ്പുകൾ, പാർട്ണർഷിപ്പ് / പ്രൊപ്രൈറ്ററി സ്ഥാപനങ്ങൾ, സ്വാശ്രയ ഗ്രൂപ്പ്, അഗ്രിപ്രീനിയർമാർ എന്നിവരാണ് അർഹർ.