channeliam.com

MapmyIndia, ഡാറ്റ മാപ്പിംഗിലൂടെ കോടികൾ ഉണ്ടാക്കുന്ന സംരംഭം

MapmyIndiaയുടെ തുടക്കം 1990കളിൽ

വെബ് കാർട്ടോഗ്രഫി ജനപ്രിയമാക്കിയത് ഗൂഗിൾ ആയിരിക്കാം, എന്നാൽ അതിനും വളരെ മുൻപ് തന്നെ ഇന്ത്യയുടെ ഡിജിറ്റൽ ഭൂപടങ്ങൾ സൃഷ്ടിക്കാൻ തീരുമാനിച്ച ദമ്പതിമാരായ രാകേഷിനെയും രശ്മി വർമ്മയെയും അറിയാം. 1990-കളുടെ മധ്യത്തിൽ ഡാറ്റ മാപ്പിംഗ് എന്നത് ബിസിനസുകൾക്ക് താൽപ്പര്യമില്ലാതിരുന്ന കാലത്താണ് രാകേഷും രശ്മിയും MapmyIndia എന്ന കമ്പനിക്ക് തുടക്കമിടുന്നത്.

തെരുവുകളും ലാൻഡ്‌മാർക്കുകളും ചാർട്ടു ചെയ്യുന്നതിന് ഇന്റർനെറ്റ് സൗകര്യം അപര്യാപ്തമായിരുന്ന അന്നത്തെ കാലത്ത് സ്റ്റാർട്ടപ്പുകൾ എന്നത് കേട്ടുകേൾവിയിൽ പോലും ഉണ്ടായിരുന്നില്ല. ഞങ്ങൾ ഡാറ്റ മാപ്പിംഗ് ആരംഭിച്ചപ്പോൾ ആർക്കും മനസ്സിലായില്ല,

ഇപ്പോൾ, 25 വർഷത്തിന് ശേഷം, ഡാറ്റ മാപ്പിംഗ് , ബിസിനസ്സുകളിലും , വ്യവസായങ്ങളിലും, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലും മന്ത്രാലയങ്ങളിലും ഉപയോഗിക്കുന്നു –രാകേഷ് പറയുന്നു.

ബിസിനസ്സിന്റെ ടെക്നോളജി വിഭാഗത്തിന് ചീഫ് ടെക്‌നോളജി ഓഫീസറായാണ് രശ്മി നേതൃത്വം വഹിക്കുന്നത്. ഓട്ടോമോട്ടീവ് മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ വരെയുള്ള മേഖലകളിലേക്കുള്ള ബിസിനസിന്റെ വ്യാപനത്തിൽ നിർണായക പങ്കുവഹിക്കുന്നത് രാകേഷാണ്.

തുടക്കം ദുഷ്ക്കരം, ടെക്നോളജി സഹായകരമായി

1970 കളുടെ അവസാനത്തിൽ,എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം, യുഎസിലേക്ക് പോയി, അവിടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവരാണ് രാകേഷും രശ്മിയും. പിന്നീട് വിജയകരമായ കോർപ്പറേറ്റ് കരിയർ ആരംഭിച്ചതും യുഎസിൽ നിന്നാണ്. രാകേഷ് ജനറൽ മോട്ടോഴ്‌സ് കമ്പനിയിലും രശ്മി ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷനിലും ജോലി ചെയ്തു.

ഇന്ത്യയുടെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയെ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഭൂപടങ്ങളും ഭൂമിശാസ്ത്രപരമായ വിവരങ്ങളും വിൽക്കുന്ന ഒരു കമ്പനിക്ക് തുടക്കമിടുമ്പോൾ ഈ പ്രവർത്തന പരിചയവും ഇരുവർക്കും ഗുണം ചെയ്തു. 1995 ഫെബ്രുവരിയി‌ലാണ് C.E. Info Systems എന്ന മാപ് മൈ ഇന്ത്യയുടെ മാതൃകമ്പനി ഇൻകോർപറേറ്റ് ചെയ്യുന്നത്. തുടക്കക്കാലത്ത് മാപ്പിംഗ് ഏറെ ദുഷ്കരമായിരുന്നു. മുംബൈയിലെ തെരുവുകളിൽ സർവേയർമാരോടൊപ്പം പലപ്പോഴും രാകേഷും പങ്കു ചേർന്നു. കാലക്രമേണ ടെക്നോളജി മെച്ചപ്പെട്ടത് സർവ്വേ കൂടുതൽ എളുപ്പമാക്കി.

ക്ലൈയന്റുകളായി വൻകിട കമ്പനികൾ, ഇൻവെസ്റ്റ്മെന്റുമെത്തി

ബിസിനസ്സ് ആരംഭിച്ച് ഒരു വർഷമായപ്പോൾ വിതരണശൃംഖല ക്രമീകരിക്കാൻ കൊക്കക്കോള കമ്പനി മാപ്മൈ ഇന്ത്യയുടെ സഹായം തേടി. Motorola, Ericsson,Qualcomm തുടങ്ങിയ വൻകിട കമ്പനികൾ വൈകാതെ കമ്പനിയുടെ ക്ലയന്റുകളായി. BMW, മെഴ്‌സിഡസ് ബെൻസ് എന്നിവയുൾപ്പെടെയുള്ള ഏറ്റവും വലിയ വാഹന നിർമ്മാതാക്കളും മക്‌ഡൊണാൾഡ്‌സ് കോർപ്പറേഷൻ പോലുള്ള ആഗോള ബ്രാൻഡുകളും മാപ് മൈ ഇന്ത്യയെ തേടിയെത്തി. Paytm, Ola എന്നിവയും മാപ്മൈ ഇന്ത്യയുടെ സേവനം ഉപയോഗിക്കുന്നു. ക്വാൽകോം, Zenrin കമ്പനി, ഫ്ലിപ്കാർട്ട് എന്നിവ സ്റ്റാർട്ടപ്പിന്റെ നിക്ഷേപകരിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഇന്ററാക്ടീവ് മാപ്‌സ് പ്ലാറ്റ്‌ഫോം തുടങ്ങി

2004-ൽ രാകേഷും രശ്മിയും ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ ഇന്ററാക്ടീവ് മാപ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരുന്നു. ഞങ്ങൾ ഇന്ത്യയുടെ 99.99% ഭൂപടമാക്കി, എല്ലാ നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും വാസസ്ഥലങ്ങളും അടയാളപ്പെടുത്തിയെന്ന് രാകേഷും രശ്മിയും പറയുന്നു. 25 മില്യൺ ഡോളർ വരുമാനവും 594.3 മില്യൺ രൂപ അറ്റാദായവുമുള്ള സ്റ്റാർട്ടപ്പ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 31% ലാഭം രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിൽ ലാഭ മാർജിൻ 46 ശതമാനത്തിലെത്തിയിരുന്നു. മാപ്മൈ ഇന്ത്യയുടെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് ശേഷം 586 മില്യൺ ഡോളർ മൂല്യമാണ് ദമ്പതികൾ നേടിയത്. സ്ഥാപനത്തിന്റെ ഏകദേശം 54% ഓഹരിയാണ് ഇരുവർക്കുമുളളത്. പ്രാരംഭ പബ്ലിക് ഓഫറിംഗിൽ ഓഫർ ചെയ്ത ഷെയറുകളുടെ 150 ഇരട്ടിയിലധികമാണ് ബിഡ്ഡ് ലഭിച്ചത്. വിപണിയിലെ ശക്തമായ അരങ്ങേറ്റം ഇന്ത്യൻ കമ്പനികളിൽ മാപ്മൈ ഇന്ത്യയെ മുൻനിരയിലെത്തിച്ചു. ഇന്ത്യയിലുടനീളം, GPS നാവിഗേഷനിൽ 95% വിപണി വിഹിതം തങ്ങൾക്കുണ്ടെന്ന് കമ്പനി പറയുന്നു.

ജിയോഗ്രാഫിക് ഡാറ്റ, സാധ്യതയുള്ള മേഖല

വരും വർഷങ്ങളിൽ 200-ലധികം രാജ്യങ്ങളുടെ ഭൂപടങ്ങൾ സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിച്ച് വിപുലീകരിക്കുന്നതിനാണ് കമ്പനി പദ്ധതിയിടുന്നത്. മാപ്പിംഗും ഭൂമിശാസ്ത്രപരമായ ഡാറ്റയും ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിയമങ്ങൾ പരിഷ്കരിച്ചത് പ്രാദേശിക വിപണി പിടിച്ചെടുക്കാനും ആപ്പിൾ മാപ്‌സ് പോലുള്ള എതിരാളികളെ ഉപഭോക്താക്കളാക്കി മാറ്റാനും സഹായമാകുമെന്ന് കമ്പനി കണക്കു കൂട്ടുന്നു. ജിയോഗ്രാഫിക് ഡാറ്റയുടെ ആവശ്യകത ദിനംപ്രതി വർദ്ധിച്ച് വരികയാണ്. ദശാബ്ദത്തിന്റെ അവസാനത്തോടെ 14 ബില്യൺ ഡോളർ വിപണിയാണ് പ്രവചിക്കപ്പെടുന്നത്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com