കേരളത്തിലെ IT വിദ്യാർത്ഥികൾക്ക് അവസരം നൽകി ഫ്രഷ് ടു ഹോം. കാലിക്കറ്റ് ഫോറം ഫോർ ITയും സൈബർ പാർക്കും ചേർന്ന് നടത്തിയ റീബൂട്ട് 2022 എന്ന പ്രോഗ്രാമിലൂടെയാണ് IT ബിരുദധാരികൾക്കായി ഫ്രഷ് ടു ഹോം അവസരങ്ങളുടെ ജാലകം തുറന്നത്.
കോഴിക്കോട് ആരംഭിക്കുന്ന ഫ്രഷ് ടു ഹോമിന്റെ ട്രെയിനിംഗ് സെന്ററിൽ തിരഞ്ഞെടുത്ത IT ബിരുദധാരികൾക്ക് ട്രെയിനിംഗ് നൽകും. ബംഗളുരുവിൽ നിന്നുളള വിദഗ്ധരാണ് 6 മാസത്തെ ട്രെയിനിംഗ് നയിക്കുന്നത്. ട്രെയിനിംഗിന് ശേഷം അവരുടെ കഴിവിനും അഭിരുചിക്കും അനുസരിച്ച് ഫ്രഷ്ടുഹോമിന്റെ വിവിധ വകുപ്പുകളിലേക്ക് മാറ്റി നിയമിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഫ്രഷ് ടു ഹോമിന്റെ CTOയും കോഫൗണ്ടറുമായ ജയേഷ് ജോസിന്റെ നേതൃത്വത്തിലാണ് പുതിയ ട്രെയിനിംഗ് പ്രോഗ്രാം നടപ്പാക്കുന്നത്. കേരള സ്റ്റാർട്ടപ്പ് എന്ന നിലയിൽ കേരളത്തിന്റെ IT മേഖലക്ക് സംഭാവന നൽകുകയാണ് ലക്ഷ്യമെന്ന് ഫ്രഷ് ടു ഹോം വ്യക്തമാക്കുന്നു. ലോകത്തിലെ ഏത് IT കമ്പനിയിലും ജോലി നേടാൻ കേരളത്തിലെ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുകയാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ജയേഷ് ജോസ്. മറ്റു രാജ്യങ്ങളിലേക്കും വിപുലീകരിച്ച് കൊണ്ടിരിക്കുന്ന ഫ്രഷ്ടുഹോമിന്റെ ടെക്നിക്കൽ ടീമിലും ട്രെയിനിംഗ് പൂർത്തീകരിക്കുന്നവരെ നിയമിക്കുമെന്ന് ഫ്രഷ്ടുംഹോം മിഡിൽ ഈസ്റ്റ് ഡയറക്ടർ ഓഫ് എഞ്ചിനിയറിംഗ് വിജിത് ശിവദാസൻ.
2015ൽ മാത്യു ജോസഫ്, ഷാൻ കടവിൽ എന്നിവർ ചേർന്നാരംഭിച്ച ഫ്രഷ്ടുഹോം ഇന്ന് ലോകവ്യാപകമായി വികസിച്ച ഓൺലൈൻ ഫിഷ് & മീറ്റ് കമ്പനി ആണ്. ഇന്ത്യയിലും യുഎഇയിലും സർവീസ് നടത്തുന്ന ഫ്രഷ് ടു ഹോം സൗദി, ഒമാൻ,ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുളള ഒരുക്കത്തിലുമാണ്.