രാജ്യത്തെ ഓൺലൈൻ റീട്ടെയിൽ മേഖലയിൽ ആമസോണും വാൾമാർട്ടും ആധിപത്യം തുടങ്ങിയിട്ട് നാളുകളേറെയായി. രാജ്യത്തെ വ്യവസായ സംഘടനകൾ ഉൾപ്പെടെയുളളവ യുഎസ് കമ്പനികളുടെ ആധിപത്യത്തിന് തടയിടണമെന്നും നിയമലംഘനങ്ങളിൽ നടപടിയെടുക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ONDC അവതരിപ്പിക്കുന്നത്. എന്താണ് ONDC? അത് എങ്ങനെയാണ് ആമസോണിനെയും വാൾമാർട്ടിനെയും നേരിടാൻ പര്യാപ്തമാകുന്നത്?
ചരക്കുകളും സേവനങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഒരു തുറന്ന പ്ലാറ്റ്‌ഫോം എന്നതാണ് ONDCയുടെ പ്രഖ്യാപിത ലക്ഷ്യം. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും സൗജന്യമായി ആക്‌സസ് ചെയ്യാവുന്ന ഓൺലൈൻ സംവിധാനം. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് അഥവാ ONDC യുടെ പരീക്ഷണ ഘട്ടം അഞ്ച് നഗരങ്ങളിലാണ് കേന്ദ്രം അവതരിപ്പിക്കുന്നത്. ഡൽഹി NCR, ബെംഗളൂരു, ഭോപ്പാൽ, ഷില്ലോങ്, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് തുടക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ONDC ഒരു ഓപ്പൺ സോഴ്‌സ് നെറ്റ്‌വർക്കാണ്. മൊബിലിറ്റി, ഗ്രോസറി, ഫുഡ് ഓർഡർ, ഡെലിവറി, ഹോട്ടൽ ബുക്കിംഗ്, യാത്ര തുടങ്ങിയ സെഗ്‌മെന്റുകളിലുടനീളമുള്ള സേവനം നൽകും. ആപ്ലിക്കേഷനിലൂടെ പ്രാദേശിക വാണിജ്യ സംരംഭങ്ങളെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ഇടപഴകാനും സഹായിക്കും. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ ഈ സംരംഭം മുഴുവൻ വാണിജ്യ ശൃംഖലയും ഡിജിറ്റൈസ് ചെയ്യാനും പ്രവർത്തനങ്ങളെ സ്റ്റാൻഡേർഡൈസ് ചെയ്യാനും വിതരണക്കാരെ ഉൾപ്പെടുത്താനും ശ്രമിക്കുന്നു.
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ ഉപയോഗിക്കുന്നതിന് സമാനമായ ഫോർമാറ്റിൽ ഒഎൻഡിസി പ്രവർത്തിക്കും. നെറ്റ്‌വർക്ക് വഴി, വ്യാപാരികൾക്ക് അവരുടെ ഡാറ്റ സംരക്ഷിക്കാനും ക്രെഡിറ്റ് ഹിസ്റ്ററി നിർമ്മിക്കാനും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും കഴിയും.
നെറ്റ്‌വർക്കിലെ ഡാറ്റയുടെ രഹസ്യസ്വഭാവവും സ്വകാര്യതയും ഉറപ്പാക്കാൻ ഒഎൻഡിസി നടപടികൾ സ്വീകരിക്കുമെന്ന് സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പ്ലാറ്റ്ഫോമിൽ എത്തുന്നവർ ONDC-യുമായി ഇടപാട് സംബന്ധിച്ച ഡാറ്റ പങ്കിടുന്നത് നിർബന്ധമല്ല.
ONDC എന്നത് നിലവിലെ പ്ലാറ്റ്‌ഫോം കേന്ദ്രീകൃത ഇ-കൊമേഴ്‌സ് സംവിധാനത്തിനപ്പുറമുള്ള ഒരു ചുവടുവെയ്‌പ്പാണ്. ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും അവരുടെ ഇഷ്ടാനുസരണം അനുയോജ്യമായ ഏതെങ്കിലും ആപ്ലിക്കേഷൻ ഉപയോഗിച്ച് ONDC വഴി ഇടപാടുകൾ നടത്താൻ കഴിയും.ആമസോൺ, ഫ്ലിപ്കാർട്ട്, ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, സൊമാറ്റോ തുടങ്ങിയ മാർക്കറ്റ്‌പ്ലേസുകൾ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യണം. അനുയോജ്യമായ ഏതെങ്കിലും ആപ്ലിക്കേഷനോ പ്ലാറ്റ്‌ഫോമോ ഉപയോഗിച്ച് ഏത് വിൽപ്പനക്കാരനെയും ഉൽപ്പന്നത്തെയും സേവനത്തെയും തിരഞ്ഞെടുക്കാനുള്ള അവസരം ഇത് ഉപഭോക്താക്കൾക്ക് നൽകും. ഗവൺമെന്റ് പിന്തുണയുള്ള പ്ലാറ്റ്‌ഫോം ഇന്ത്യൻ റീട്ടെയിൽ സമ്പ്രദായത്തിന്റെ നട്ടെല്ലായി മാറുന്ന പ്രാദേശിക കിരാന സ്റ്റോറുകൾ നടത്തുന്ന ചെറുകിട ഓഫ്‌ലൈൻ വ്യാപാരികൾക്കും ഒരു ലെവൽ പ്ലേ ഫീൽഡ് സൃഷ്ടിക്കും. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ചില വ്യാപാരികൾക്ക് മുൻഗണന നൽകുന്നതിൽ പരാതി വ്യാപകമായിരുന്നു. സർക്കാരിന്റെ മുന്നിലുളള ഏറ്റവും വലിയ വെല്ലുവിളി ആമസോണും വാൾമാർട്ടും പോലുളള ആഗോള വമ്പൻമാരെ നേരിടാൻ പര്യാപ്തമായ പഴുതുകളില്ലാത്ത മികച്ച സാങ്കേതികവിദ്യ നടപ്പാക്കുക എന്നതാണ്. സർക്കാർ ഈ പരീക്ഷണത്തിൽ വിജയിച്ചാൽ അത് ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസ്സുകളെ ഓൺലൈനിൽ എത്താൻ സഹായിക്കും.