ഇദിയാൻ എന്ന ഹാൻഡിക്രാഫ്റ്റ് സ്റ്റാർട്ടപ്പ് വഴി സുസ്ഥിരമായ ജീവിത ശൈലിയെ പ്രോത്സാഹിപ്പിക്കുന്ന വെസ്റ്റ് ബംഗാളിലെ സിലിഗുരി സ്വദേശിനിയായ നികിത അഗർവാളിനെ പരിചയപ്പെടാം.
ഒരിക്കൽ ഒരു ഫാമിലി ഫംഗ്ഷന്റെ ഭാഗമായി വീട് അലങ്കരിക്കാൻ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ തേടി നടന്ന നികിതയ്ക്ക്, പ്രാദേശിക വിപണികളിലും ഓൺലൈൻ സ്റ്റോറുകളിലുമൊന്നും അനുയോജ്യമായ പ്രോഡക്റ്റ് കണ്ടെത്താനായില്ല. ഇതൊരു മികച്ച ബിസിനസ്സ് ആശയമാണെന്ന് തിരിച്ചറിഞ്ഞ നികിത, 2019 ഒക്ടോബറിലാണ് സ്വന്തമായി ഇദിയാൻ എന്ന പേരിൽ കരകൗശലവസ്തുക്കൾ വിൽക്കുന്ന ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്.

ടൂർസ് ആന്റ് ട്രാവൽസ് ബിസിനസ്സ് വിട്ട് സഹോദരങ്ങളായ നിഖിലും സൂരജ് അഗർവാളും കൂടി നികിതയ്ക്കൊപ്പം ചേർന്നതോടെയാണ് ഇദിയാൻ മികച്ച സ്റ്റാർട്ടപ്പായി വളർന്നത് . തുടക്കത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് സിലിഗുരിയിലെ നാട്ടുകാരെ സ്വന്തം ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുകയെന്നതായിരുന്നു. ഈ പുല്ലും കളകളും ആരാണ് വാങ്ങുകയെന്നായിരുന്നു ആദ്യഘട്ടങ്ങളിൽ നാട്ടുകാരുടെ ചോദ്യമെന്ന് നികിത പറയുന്നു. ഗിഫ്റ്റ് ഓപ്ഷനുകൾക്കായി തിരയുന്ന കോർപ്പറേറ്റുകളും വെഡ്ഡിംഗ് പ്ലാനേഴ്സുമായിരുന്നു ആദ്യ ഉപഭോക്താക്കൾ.കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഹോട്ടലുകൾ വീണ്ടും തുറന്നതോടെ ഇന്റീരിയർ ഡെക്കറേഷനായി ഇദിയാൻ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ വർധിച്ചു. പിന്നീട്, സ്റ്റേഷനറി, പേഴ്സണൽ കെയർ, ഹോം ഡെക്കർ വിഭാഗങ്ങളിലേക്കും വിപുലീകരിച്ചു. മണിപ്പൂരിൽ നിന്നുള്ള കരകൗശല വിദഗ്ധരിൽ നിന്നും കച്ചവടക്കാരിൽ നിന്നുമാണ് ചൂരൽ ഉൽപന്നങ്ങൾ ശേഖരിക്കുന്നത്. മുള ഉൽപന്നങ്ങൾ ത്രിപുരയിൽ നിന്നും മണ്ണുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ മഹാരാഷ്ട്രയടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തുന്നത്

ചൂരൽ ഉപയോഗിച്ചുണ്ടാക്കുന്ന കൊട്ടകളും ബോക്സുകളുമാണ് ഇദിയാൻ ആദ്യം വിപണിയിൽ എത്തിച്ചത്. പ്രാദേശിക കരകൗശല വിദഗ്ധരിൽ നിന്ന് ഉൽപ്പന്നങ്ങൾ ശേഖരിച്ച് കോർപ്പറേറ്റുകൾ, വ്യക്തികൾ,റീസെല്ലർമാർ എന്നിവർക്ക് വിൽക്കുകയും ഒരു മാസത്തിനുള്ളിൽ 80 മുതൽ 90 വരെ ഓർഡറുകൾ നേടിയെടുക്കുകയും ചെയ്തു.

ഇന്ന് പ്രതിമാസം 3 മുതൽ 4 ലക്ഷം രൂപ വരെ വരുമാനം നേടുന്ന സ്റ്റാർട്ടപ്പാണ് ഇദിയാൻ. 40ഓളം വെന്റർമാരും കരകൗശല വിദഗ്ധരുമുൾക്കൊള്ളുന്ന ഒരു വലിയ വിപണനശൃംഖല ഇന്ന് ഇവർക്കുണ്ട്. വിൽപ്പനക്കാർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് ‘ഹാന്റിക്രാഫ്റ്റ് ബയേർസ് ആന്റ് സെല്ലേഴ്സ് ‘ എന്ന പേരിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പുമുണ്ട് .15,000 ത്തിലധികം പ്രാദേശിക കരകൗശല തൊഴിലാളികളും കച്ചവടക്കാരുമുൾ പ്പെടുന്ന ഈ ഗ്രൂപ്പിൽ പ്രോഡക്റ്റ് പർച്ചേസിങ്ങിനുള്ള സൗകര്യവു മുണ്ട്. 2023 അവസാനത്തോടെ 1.10 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.