ലാഭം മാത്രം നോക്കി തടിച്ചുവീർത്ത ബ്രോയിലർ ചിക്കൻ ബിസിനസ്സാക്കിയ കാലത്ത്, മഞ്ജുനാഥ് മാരപ്പൻ എന്ന യുവ സംരംഭകൻ ബംഗളുരുവിൽ കോഴികൾക്ക് സ്വാതന്ത്ര്യത്തിന്റെ സന്തോഷം സൃഷ്ടിച്ചിരിക്കുകയാണ് . മഞ്ജുനാഥിന്റെ ഹാപ്പി ഹെൻസ് സന്തുഷ്ടരായ കോഴികളിലൂടെ ആരോഗ്യമുളള മുട്ട നൽകുന്നു.ബംഗളുരുവിൽ നിന്നുളള മഞ്ജുനാഥ് മാരപ്പനും മധുരയിൽ നിന്നുളള അശോക് കണ്ണനും ചെയ്തത് ഒരേ കാര്യമായിരുന്നു. കോഴികളെ കൂടു തുറന്ന് വിട്ട് പുൽമേടുകളിലും പറമ്പുകളിലും ചിക്കി ചികഞ്ഞ് തിന്നാൻ അനുവദിക്കുക. അത് ഒരു സംരംഭമായി മാറിയപ്പോൾ ഒരു ഘട്ടത്തിൽ ഇരുവർക്കും ഇനി ഒരുമിച്ചൊരു യാത്രയാകാമെന്ന് തോന്നി. അതാണ് ഇന്നത്തെ ഹാപ്പി ഹെൻസ്.
ഇന്ത്യയിലെ ആദ്യ ഫ്രീ റേഞ്ച് എഗ് സ്റ്റാർട്ടപ്പ് എന്ന് ഹാപ്പി ഹെൻസിനെ വിശേഷിപ്പിക്കാം.ഏക്കറിൽ 1000 കോഴി എന്ന കണക്കിൽ സ്ഥലം കെട്ടി തിരിച്ചാണ് ഫാമിംഗ്. തമിഴ്നാട്, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഫാമുകൾ. ചോളം , നിലക്കടല, സോയ, അസോള പോലുളളവ ചേർത്ത ഭക്ഷണം 100-110 ഗ്രാം വരെ ഒരു കോഴിക്ക് നൽകുന്നു. 50-55 ഗ്രാം വരെ തൂക്കമുളള മുട്ടയാണ് പകരം ലഭിക്കുന്നത്.
ലോകമെമ്പാടും ജൈവകൃഷിക്കും ഉല്പന്നങ്ങൾക്കും ഡിമാൻഡ് ഏറിയതോടെയാണ് ഫ്രീ റെയ്ഞ്ച് എഗിനും മാംസത്തിനും വിപണിസാധ്യത വർദ്ധിച്ചത്. അതുകൊണ്ട് തന്നെ ആരോഗ്യഗുണങ്ങളുളള മുട്ട വേണമെങ്കിൽ കുറച്ച് വിലയും കൂടുതലാകുമെന്ന് മഞ്ജുനാഥ് പറയും.
NIFT ഗ്രാജ്വേറ്റായ മഞ്ജുനാഥ് പൗൾട്രി ഫാമിംഗിലേക്ക് വഴിതെറ്റി വന്നതല്ല. ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് എത്തിയതാണ്. ഹാപ്പി ഹെൻസ് കൂടുതൽ വിപുലമാക്കാനുളള പദ്ധതികളിൽ കേരളത്തിലും മാർക്കറ്റിംഗ് സാധ്യതകൾ തേടുന്നുണ്ടെന്ന് മഞ്ജുനാഥ് പറഞ്ഞു.