എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകളിലും ഡിജിറ്റൽവൽക്കരണവും ഇ-ഓഫീസും നടപ്പിലാക്കിയതായി കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ്. ഇതോടെ, പരിസ്ഥിതി, വനം, ധനകാര്യം തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും പൗരന്മാർക്ക് ഓൺലൈനായി സമർപ്പിക്കാം. വകുപ്പുകളിലെ സെൻട്രൽ രജിസ്ട്രി യൂണിറ്റുകളും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്ന് ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.
സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഡോക്യുമെന്റേഷനുകളുടെയും നടപടിക്രമങ്ങളുടെയും പേപ്പർരഹിത രൂപമാണ് ഇ- ഓഫീസ്. പാർലമെന്റംഗങ്ങൾക്ക് ഓൺലൈനായി തൊഴിൽ ശുപാർശകൾ നൽകാനും അതിന്റെ പുരോഗതി ട്രാക്കു ചെയ്യാനും സാദ്ധ്യമാക്കുന്ന സൗകര്യവും സജജീകരിച്ചിട്ടുണ്ട്. ഇ-ഓഫീസിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കാൻ ഡൽഹി സർക്കാർ കഴിഞ്ഞ മാസം എല്ലാ വകുപ്പുകളോടും നിർദ്ദേശിച്ചിരുന്നു. സ്വയംഭരണ സ്ഥാപനങ്ങളിലും, വകുപ്പുകളിലും ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കാൻ 2015-ൽത്തന്നെ ഡൽഹി സർക്കാർ അനുമതി നൽകിയിരുന്നു.