കാർഷിക അധിഷ്ഠിത എംഎസ്എംഇകൾക്കായി വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. 5% വാർഷിക പലിശ നിരക്കിൽ 10 കോടി രൂപ വരെയുള്ള വായ്പകൾ പദ്ധതി പ്രകാരം ലഭിക്കും. 10 കോടി രൂപ വരെയുള്ള വായ്പകൾക്ക് സർക്കാരിന്റെ 3% പലിശ ഇളവുമുണ്ടാകും. ഓരോ വർഷവും കുറഞ്ഞത് 400 ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
2022-23 സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് പദ്ധതി പ്രഖ്യാപിച്ചത്. കാർഷികാധിഷ്ഠിത സ്റ്റാർട്ടപ്പുകൾ, കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, വിപണനം, വ്യാപാരം എന്നിവയിലേർപ്പെട്ടിരിക്കുന്ന വ്യവസായ യൂണിറ്റുകൾ തുടങ്ങിയ ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കാണ് വായ്പ ലഭിക്കുക. രണ്ട് വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ 10 വർഷമാണ് പരമാവധി തിരിച്ചടവ് കാലാവധി.