വിയറ്റ്നാമീസ് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast) അമേരിക്കൻ വിപണിയിൽ ഇറങ്ങിയത് ചെറിയ സ്വപ്നങ്ങളുമായല്ല, ആഗോള വമ്പനായ ടെസ്‌ലയെ തോല്പിക്കുക എന്ന ലക്ഷ്യവുമായി വിൻഫാസ്റ്റ് തങ്ങളുടെ ആദ്യത്തെ വിദേശ മോഡൽ പുറത്തിറക്കാനും അമേരിക്കയിലും യൂറോപ്പിലും ഷോറൂമുകളുടെ ഒരു ശൃംഖല അവതരിപ്പിക്കാനും ഒരുങ്ങുകയാണ്. ഡ്രൈഡ് നൂഡിൽസിലാണ് വിൻഫാസ്റ്റ് സ്ഥാപകനായ ഫാം നാറ്റ് വൂങ് (Pham Nhat Vuong) തന്റെ ഭാഗ്യം ആദ്യം പരീക്ഷിച്ചത്. അതിലൂടെ സമ്പത്ത് നേടിയ വൂങ് വിയറ്റ്നാമിലെ ഏറ്റവും വലിയ ധനികനും രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ വിൻഗ്രൂപ്പിന്റെ ഉടമയുമായി.
വിയറ്റ്നാമിനെ ലോക വിപണിയിൽ സാമ്പത്തികമായി ഉയർത്തുക എന്നതാണ് ഫാം നാറ്റ് വൂങിന്റെ ലക്ഷ്യം. 11.4 ബില്യൺ ഡോളർ വിപണി മൂല്യമുള്ള വിയറ്റ്നാമിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയാണ് Vingroup. 2021-ൽ ഏകദേശം 5.4 ബില്യൺ ഡോളർ വിൽപന നേടിയ Vinggroup-ന് കീഴിൽ റീട്ടെയിൽ, ഷോപ്പിംഗ് സെന്ററുകൾ,ഗോൾഫ് കോഴ്‌സുകൾ, റിയൽ എസ്റ്റേറ്റ്, റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ബിസിനസ്സുകളാണുളളളത്. വിയറ്റ്‌നാമിലെ ആദ്യ തദ്ദേശീയ സ്മാർട്ട്‌ഫോൺ നിർമാതാവ് കൂടിയാണ് വിൻഗ്രൂപ്പ്. 2017-ൽ വിൻഫാസ്റ്റ് സ്ഥാപിച്ചു. 2021 ഡിസംബറിൽ വിൻഫാസ്റ്റ് ഇലക്ട്രിക് കാറുകളുടെ ആദ്യ ബാച്ചിന്റെ ആഭ്യന്തര ഡെലിവറി ആരംഭിച്ചു.
യുഎസ്, കാനഡ, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ് തുടങ്ങി വിവിധ വിപണികളിലേക്ക് ഈ വർഷം അവസാനത്തോടെ കാറുകൾ വിതരണം ചെയ്യാൻ കമ്പനിക്ക് പദ്ധതിയുണ്ട്. നോർത്ത് കരോലിനയിൽ തങ്ങളുടെ ഇലക്ട്രിക് വാഹന ഫാക്ടറി നിർമ്മിക്കുന്നതിനും യു.എസ് മാർക്കറ്റ് വിപുലീകരണ ത്തിനുമായി കുറഞ്ഞത് 4 ബില്യൺ ഡോളർ സമാഹരിക്കാൻ വിൻഫാസ്റ്റ് പദ്ധതിയിടുന്നു. 2 ബില്യൺ ഡോളറാണ് ഫാക്ടറിക്കു വേണ്ടിയുളള പ്രാഥമിക ഇൻവെസ്റ്റ്മെന്റ്.
800 ഹെക്ടർ വിസ്തൃതിയുള്ള നോർത്ത് കരോലിന ഫാക്ടറി തുടക്കത്തിൽ പ്രതിവർഷം 150,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുമെന്നാണ് കമ്പനി പറയുന്നത്. ഫാക്ടറി 7,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും 2024 ഓടെ നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വിൻഫാസ്റ്റ് പറഞ്ഞു. യുഎസ് നിക്ഷേപത്തിൽ ജോ ബൈഡന്റെ ഭരണകൂടത്തിൽ നിന്നുമുളള അകമഴിഞ്ഞ പിന്തുണയും വിൻഫാസ്റ്റിനുണ്ട്. കൂടാതെ, സിംഗപ്പൂർ കേന്ദ്രമായുളള ഒരു ഷെൽ കമ്പനി മുഖേന യുഎസിൽ ഒരു ഐപിഒയ്ക്കും വിൻഫാസ്റ്റ് ശ്രിമിക്കുന്നുണ്ട്.