2013ലെ പിളർപ്പിന് ശേഷം തന്റെ മാധ്യമ സാമ്രാജ്യം വീണ്ടും ഒന്നിപ്പിക്കാൻ ആഗോള മാദ്ധ്യമ ഭീമനായ റൂപർട്ട് മർഡോക്ക് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. സ്വന്തം മാദ്ധ്യമ സ്ഥാപനങ്ങളായ ഫോക്സ് കോർപ്പറേഷൻ, ന്യൂസ് കോർപ്പറേഷൻ എന്നിവ സംയോജിപ്പിക്കാനാണ് മർഡോക്ക് പദ്ധതിയിടുന്നത്. ലയന സാദ്ധ്യതകൾ വിലയിരുത്തുന്നതിനായി ഇരു കമ്പനികളും സ്വതന്ത്ര ഡയറക്ടർമാരുടെ പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. ടെലിവിഷൻ, ഓൺലൈൻ മാദ്ധ്യമ പ്ലാറ്റ്ഫോമുകൾ, സ്പോർട്സ് വാതുവെപ്പുകൾ തുടങ്ങി വലിയ സാദ്ധ്യതകൾ തുറന്നിടാൻ കൂടിച്ചേരലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2013ലെ പിളർപ്പിന് ശേഷം ഇരു കമ്പനികൾക്കും സമഗ്രമായ മാറ്റങ്ങളാണ് സംഭവിച്ചത്.
2019-ൽ ഫോക്സ്, അതിന്റെ വിനോദ ആസ്തികളിൽ ഭൂരിഭാഗവും വാൾട്ട് ഡിസ്നിയ്ക്ക് വിറ്റ്, ഫോക്സ് ന്യൂസ് ചാനലിന്റെ നേതൃത്വത്തിൽ പ്രക്ഷേപണം, കേബിൾ ടെലിവിഷൻ എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അതേസമയം, വാൾസ്ട്രീറ്റ് ജേർണൽ ഉടമയായ ന്യൂസ് കോർപ്പറേഷൻ, ഓൺലൈൻ റിയൽ എസ്റ്റേറ്റ് സേവനങ്ങളടക്കമുള്ള പുതിയ മേഖലകളിലേക്ക് ബിസിനസ്സ് വിപുലീകരിച്ചു. ന്യൂസ് കോർപ്പറേഷൻ, ഫോക്സ് എന്നിവയിൽ മർഡോക്കിന് യഥാക്രമം 39ഉം 42ഉം ശതമാനം വോട്ടിംഗ് ഓഹരികളാണുള്ളത്. ഫോക്സ് കോർപ്പറേഷന്റെ വിപണി മൂലധനം ഏകദേശം 16.7 ബില്യൺ ഡോളറും, ന്യൂസ് കോർപ്പറേഷന്റേത് 9.14 ബില്യൺ ഡോളറുമാണ്. നിലവിൽ ന്യൂസ് കോർപ്പറേഷന്റെ എക്‌സിക്യൂട്ടീവ് ചെയർമാനും, ഫോക്‌സ് കോർപ്പറേഷന്റെ ചെയർമാനുമാണ് 91കാരനായ മർഡോക്ക്.
Rupert Murdoch wants to recombine his media empire. He is exploring options to remerge Fox Corp. and News Corp. He split the media empire in 2013. Both firms have formed special committees to study a potential deal.