കാലിന് താഴെയുള്ള ഭൂമി പെട്ടെന്ന് കുലുങ്ങാൻ തുടങ്ങിയാൽ എന്തായിരിക്കും സംഭവിക്കുക? കുറച്ച് നേരത്തേക്കെങ്കിലും നമ്മൾ ആശയക്കുഴപ്പത്തിലാകും. പുറത്തേക്ക് ഓടണോ എന്നറിയാതെ ചെറിയൊരു കൺഫ്യൂഷൻ. എന്നാൽ വരാൻ പോകുന്ന ദുരന്തമേതായാലും അതിന് മിനിട്ടുകൾക്ക് മുൻപ് അറിയാൻ കഴിഞ്ഞാൽ ഒന്ന് തയ്യാറെടുക്കാമല്ലോ. അത് കൂടുതൽ ഫലപ്രദമായി പ്രതികരിക്കാനും കൂടുതൽ ശാന്തതയോടെ നിർദ്ദേശങ്ങൾ പാലിക്കാനും സഹായിക്കും.
കാലിഫോർണിയയിൽ അടുത്തിടെയുണ്ടായ ഭൂകമ്പം ഭൂമി കുലുങ്ങുന്നതിനും മുൻപേ അറിഞ്ഞവരിൽ ഒരാൾ ഗൂഗിൾ സിഇഒ സുന്ദർപിച്ചൈ ആണ്. ബെർക്ക്‌ലി സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച ഒരു ആപ്പ് സൗത്ത് ബേ ഭൂകമ്പത്തെക്കുറിച്ച് പിച്ചൈ അടക്കമുളള കാലിഫോർണിയക്കാർക്ക് മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമായ MyShake ഉള്ള സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കാണ് കാലിഫോർണിയയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുന്നതിന് മുമ്പ് മുന്നറിയിപ്പ് കിട്ടിയത്. സാൻജോസിൽ നേരിയ ഭൂചലനം അനുഭവപ്പെടുന്നതിന് 2 സെക്കൻഡ് മുമ്പ് അറിയിപ്പുകൾ വന്നു.
പരമ്പരാഗത ഭൂകമ്പ ശൃംഖലകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ പ്ലാറ്റ്‌ഫോം നൽകുന്നു. ഒരു ആർട്ടിഫിഷ്യൽ ന്യൂറൽ സിസ്റ്റം വഴി അലേർട്ടുകൾ അയയ്‌ക്കുന്നതിന് പുറമേ തുടർന്നുള്ള റോഡുകളുടെയും കെട്ടിടങ്ങളുടെയും അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളും നൽകുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ ഭൂകമ്പങ്ങൾ നിരീക്ഷിക്കാൻ യുഎസ് ജിയോളജിക്കൽ സർവേ ഉപയോഗിക്കുന്ന മോഷൻ സെൻസറുകൾ ഉപയോഗിച്ചുളള ഷെയ്ക്ക് അലർട്ട് എന്ന സംവിധാനത്തിൽ നിന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. കാലിഫോർണിയയ്ക്കും ഒറിഗോണിനും പിന്നാലെ ഈ വർഷം വാഷിംഗ്ടൺ സ്റ്റേറ്റിലും മൈഷേക്ക് ആപ്പ് അവതരിപ്പിച്ചു. കാലിഫോർണിയ ഗവർണറുടെ ഓഫീസ് ഓഫ് എമർജൻസി സർവീസസ് ആപ്പിന് ഫണ്ടും നൽകിയിട്ടുണ്ട്.
തുടർച്ചയായി ഭൂചലനങ്ങളും കൊടുങ്കാറ്റുകളുമുണ്ടാകുന്ന അമേരിക്കൻ സംസ്ഥാനങ്ങളിൽ മൈഷേക്ക് ആപ്പ് വളരെ വേഗത്തിലാണ് പ്രചാരം നേടുന്നത്.