ഐ ഫോൺ ഉൽപ്പാദന യൂണിറ്റുകൾ ചൈനയിൽ നിന്ന് മാറ്റി ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് കേന്ദ്രീകരിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. ഭാവിയിൽ ആപ്പിൾ ഐ ഫോണിന്റെ നിർമ്മാണ ഹബ്ബായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആപ്പിളിന്റെ കൂടുമാറ്റം എങ്ങോട്ട്?
40 മുതൽ 45 ശതമാനം വരെ ഐ ഫോണുകൾ രാജ്യത്ത് നിന്ന് കയറ്റി അയയ്ക്കുകയെന്നതാണ് ആപ്പിളിന്റെ ദീർഘദൂര ലക്ഷ്യമെന്നാണ് സൂചന. 2025-ഓടെ ഐഫോൺ ഉൽപ്പാദനത്തിന്റെ നാലിലൊന്ന് ആപ്പിൾ, ഇന്ത്യയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, മാക്, ഐപാഡ്, ആപ്പിൾ വാച്ച്, എയർപോഡുകൾ അടക്കമുള്ള ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന്റെ ഏകദേശം 25% ചൈനയിൽ നിന്ന് മാറും. ആപ്പിൾ ഐ ഫോൺ നിർമ്മാണ പങ്കാളിയായ ഫോക്സ്കോൺ ഇതിനോടകം തന്നെ ചെന്നൈ കേന്ദ്രീകരിച്ച് ആപ്പിൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. നിലവിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ 5% മാത്രമാണ് ചൈനയ്ക്ക് പുറത്ത് നിർമ്മിക്കുന്നത്.
ചൈന വിടുന്നതെന്തിന്?
ചൈനയിലെ ഐ ഫോൺ സിറ്റി പ്ലാന്റിൽ തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് ആപ്പിളിന്റെ നീക്കമെന്നാണ് സൂചന. ഐഫോൺ 14 പ്രോ ഉൾപ്പെടെ ഭൂരിഭാഗം ആപ്പിൾ പ്രീമിയം മോഡലുകളും നിർമ്മിക്കുന്നത് ഈ പ്ലാന്റിലാണ്. ഏകദേശം മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് ആപ്പിളിന്റെ Zhengzhou പ്ലാന്റിൽ ജോലി ചെയ്യുന്നത്. വേതനത്തെച്ചൊല്ലിയാണ് തൊഴിലാളികൾ സമരം ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിഷേധങ്ങൾ ആപ്പിൾ ഐഫോൺ 14 പ്രോ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു.
India to emerge as a hub of iPhone manufacturing. Apple produced smartphones worth $205 billion in the last fiscal year. China’s contribution to global shipments has gradually gone down by 93.5 per cent.